‘അല്‍ഹംദുലില്ലാഹ്’; പ്രണയത്തില്‍ ചാലിച്ച് സൂഫിയും സുജാതയിലെ രണ്ടാമത്തെ ഗാനം

ജയസൂര്യയും അദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാതയും’ ചിത്രത്തിലെ രണ്ടാമത്തെ ഗാനം ‘അല്‍ഹംദുലില്ലാഹ്’ റിലീസ് ചെയ്തു. ബി. ഹരിനാരായണന്റെ വരികള്‍ക്ക് സുദീപ് പലനാട് ഈണമിട്ട് സുദീപും അമൃത സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജൂലൈ 3നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസാകുന്നത്. സുജാത എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരി എത്തുന്നത്. സംസാര ശേഷിയില്ലാത്ത സൂജാതയ്ക്ക് സൂഫി സന്യാസിയായ ദേവ് മോഹനോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സുജാതയുടെ ഭര്‍ത്താവായാണ് ചിത്രത്തില്‍ ജയസൂര്യ വേഷമിടുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. എം.ജയചന്ദ്രന്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.