റൊമാന്റിക്കായി അപ്പാനി ശരത്തും ജാനകിയും; ലൗ എഫ്എമ്മിലെ പ്രണയഗാനം പുറത്ത്

അപ്പാനി ശരത്ത് നായകനാകുന്ന ‘ലൗ എഫ്എമ്മി’ലെ പുതിയ ഗാനം പുറത്ത്. ”നീയെന്‍ നെഞ്ചില്‍” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. കൈതപ്രം ദാമോദരന്റെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥ് സംഗീതം നല്‍കി വിജയ് യേശുദാസും ശ്വേത മോഹനും ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

അപ്പാനി ശരത്തും ജാനകി കൃഷ്ണനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ പുറത്തെത്തിയ ടീസറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി ഒരുക്കിയ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. ദേവന്‍, ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, നിര്‍മ്മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ജു എന്നിവരാണ് നായികമാര്‍.

ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. അപ്പാനി ശരത്ത് അവതരിപ്പിക്കുന്ന ഗസല്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.