ധനുഷ് എഴുതിയ വരികള്‍ സ്ത്രീവിരുദ്ധം; മാപ്പു പറഞ്ഞ് സംവിധായകന്‍ സെല്‍വരാഘവന്‍

2011-ല്‍ പുറത്തിറങ്ങിയ “മയക്കം എന്ന” ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ക്ക് മാപ്പു പറഞ്ഞ് സംവിധായകന്‍ സെല്‍വരാഘവന്‍. ഗാനത്തിന്റെ വരികളില്‍ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് ഖേദപ്രകടനമെന്ന് സെല്‍വരാഘവന്‍ വ്യക്തമാക്കി. ചിത്രത്തിലെ “കാതല്‍ എന്‍ കാതല്‍..” ഗാനത്തിലെ “അടിടാ അവളെ, ഉധൈതാ അവളെ, വിട്രാ അവളെ, തേവൈ ഇല്ല” എന്ന വരിക്കാണ് സെല്‍വരാഘവന്റെ ഖേദപ്രകടനം.

“ഒരു സംവിധായകന് സാമൂഹിക പ്രതിബദ്ധതയുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഞാന്‍ മാപ്പ് പറയുന്നു. അത്തരം വരികള്‍ ഒരിക്കലും എഴുതാന്‍ പാടില്ലായിരുന്നു. അത് തെറ്റാണ്. ഞാനല്ല ആ വരികള്‍ എഴുതിയത്”” സെല്‍വരാഘവന്‍ വ്യക്തമാക്കി. സെല്‍വരാഘവന്റെ സഹോദരനും ചിത്രത്തിലെ നായകനുമായ ധനുഷാണ് “കാതല്‍ എന്‍ കാതല്‍..” എന്ന ഗാനത്തിലെ വിവാദ വരി എഴുതിയത്. ഈ വിവാദ ഗാനം ആലപിച്ചിരിക്കുന്നതും  ധനുഷാണ്.

ഗാനത്തിലെ സ്ത്രീവിരുദ്ധമായ വരികളെ ചൊല്ലി ചിത്രം റിലീസ് ചെയ്ത സമയത്തും ഏറെ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ജെമിനി ഫിലിംസിന്റെ ബാനറില്‍ ഓം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് 2011 പുറത്തിറങ്ങിയ ചിത്രമാണ് മയക്കം എന്ന. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാവാന്‍ കൊതിക്കുന്ന യുവാവിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്.