'കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, ഇല്ലെന്ന് പറഞ്ഞപ്പോൾ കമ്മിറ്റ് ചെയ്ത പടത്തിൽ നിന്ന് അദ്ദേഹം പിന്മാറി': വെളിപ്പെടുത്തി സാന്ദ്ര തോമസ്

നിർമാതാക്കളുടെ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തളളിയതിന് പിന്നാലെ നൽകിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മെ​ഗാസ്റ്റാർ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി സാന്ദ്ര തോമസ്. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തോമസ് പറഞ്ഞു. ‘ഏകദേശം മുക്കാൽ മണിക്കൂറോളം മമ്മൂക്ക എന്നെ വിളിച്ചു സംസാരിച്ചു. കേസുമായി മുന്നോട്ട് പോകരുതെന്നും ഇത് നിങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇങ്ങനെയൊരു സാഹചര്യം അദ്ദേഹത്തിൻ്റെ മകൾക്കാണ് സംഭവിച്ചതെങ്കിൽ ഇതേ നിലപാട് തന്നെയായിരിക്കുമോ എടുക്കുക എന്ന് താൻ തിരിച്ചു ചോദിച്ചതായി’ സാന്ദ്ര പറയുന്നു.

‘പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയെ ബാധിക്കും, സിനിമ ചെയ്യാൻ പറ്റില്ല, നിർമ്മാതാക്കൾ തീയേറ്ററിൽ സിനിമ ഇറക്കാൻ സമ്മതിക്കില്ല, അതിനാൽ മിണ്ടാതിരിക്കണം’ എന്നൊരു സ്റ്റാൻഡായിരിക്കുമോ മമ്മൂക്ക എടുക്കുക എന്നും താൻ ചോദിച്ചു. ഈ ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി ‘ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ, അതിനകത്ത് ഞാൻ ഒന്നും പറയുന്നില്ല, ഇഷ്ടം പോലെ ചെയ്തോളൂ’ എന്ന് പറഞ്ഞതായി സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

ഈ സംഭവത്തിന് ശേഷം തനിക്ക് വാക്ക് തന്നിരുന്ന ഒരു പ്രോജക്ടിൽ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര തോമസ് പറഞ്ഞു. ‘ഞാനിവിടെ തന്നെയുണ്ടാകും, എന്നെ ഇവിടെ നിന്ന് തുടച്ചു മാറ്റാനാണ് നോക്കുന്നതെങ്കിൽ ഞാൻ ഇവിടെ തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് ഞാൻ തീർത്ത് പറഞ്ഞു,’ എന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

Read more

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള നിർമാതാവ് സാന്ദ്ര തോമസിന്റെ പത്രിക പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസമാണ് തള്ളിയത്. ഇതിന് പിന്നാലെ സാന്ദ്ര കോടതിയെ സമീപിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യോ​ഗ്യതയുണ്ടായിട്ടും അത് തള്ളിയതിനെ ചോദ്യം ചെയ്താണ് സാന്ദ്ര കോടതിയെ സമീപിച്ചത്. നിയമപരമായി നീങ്ങുമെന്ന് അറിയിച്ചതോടെയാണ് മമ്മൂട്ടി സാന്ദ്രയെ വിളിച്ചത്