നായിക മാത്രമല്ല, കൊറിയോഗ്രാഫറായും സായ് പല്ലവി; തെലുങ്ക് സിനിമ ഒരുങ്ങുന്നു

നായികയാകുന്ന പുതിയ ചിത്രത്തില്‍ കൊറിയോഗ്രാഫറായും സായ് പല്ലവി. നടന്‍ നാഗ ചൈതന്യ നായകനാകുന്ന ‘ലവ് സ്റ്റോറി’ എന്ന തെലുങ്ക് ചിത്രത്തിലാണ് സായ് കൊറിയോഗ്രാഫറും കൂടിയാകുന്നത്. നര്‍ത്തകി കൂടിയായ സായ് ആദ്യമായാണ് സിനിമയില്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

ലോക്ഡൗണിന് ശേഷം ചിത്രീകരിക്കാനിരുന്ന ഗാനത്തിന്റെ കൊറിയോഗ്രാഫി ചെയ്യാനായി സംവിധായകന്‍ ശേഖര്‍ കമ്മുല, സായിയോട് ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ 90 ശതമാനവും ഷൂട്ടിംഗ് പൂര്‍ത്തിയായി. ബാക്കിയുള്ള ഭാഗം റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിക്കുക.

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായി ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് ചേക്കേറുന്ന ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും, അവരുടെ പ്രണയവുമാണ് ലവ് സ്റ്റോറിയുടെ പ്രമേയമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.

നേരത്തെ ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ‘ഫിദ’ എന്ന ചിത്രത്തിലും സായ് പല്ലവി വേഷമിട്ടിരുന്നു. വരുണ്‍ തേജ് നായകനായ ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു.