ജെല്ലിക്കെട്ട് ഷൂട്ടിംഗിനിടയില്‍ അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി: സാബുമോന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാബുമോന്‍ ചിത്രത്തെ കുറിച്ച് ഇപ്പോള്‍ മനസ്സ് തുറക്കുകയാണ്.

ജെല്ലിക്കെട്ട് ചിത്രീകരണ സമയത്ത് അപകടങ്ങളുടെ പരമ്പര തന്നെയുണ്ടായി എന്നായിരുന്നു നടന്‍ വെളിപ്പെടുത്തിയത്. ബിഗ് ബോസ് കഴിഞ്ഞിട്ട് നേരെ പോയി ജോയിന്‍ ചെയ്ത സിനിമയാണ് ജെല്ലിക്കെട്ടെന്ന് നടന്‍ പറയുന്നു. ഷൂട്ടിംഗിന് മുമ്പേ കുറെദിവസം അവിടെപ്പോയി നിന്നിരുന്നു. ലിജോ പറഞ്ഞതനുസരിച്ച്. ഭയങ്കര ഒറിജിനലായിട്ടാണ് ചെയ്തിരിക്കുന്നത്- സാബു പറഞ്ഞു.

ദേശീയ അവാര്‍ഡ് ജേതാവ് ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബറില്‍ റിലീസിനെത്തും. ആന്റണി വര്‍ഗീസും സാബുമോനും ചെമ്പന്‍ വിനോദുമാണ് ചിത്രത്തിലെ നായകന്മാര്‍.

ചിത്രത്തിന്റെ ആദ്യ സ്‌ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ദിവസം നടന്നു. ലിജോ ജോസ് പെല്ലിശേരി, എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയവര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം റിലീസിന് എത്തിക്കുന്നത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിനായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു.