'വിശാലിന് സംസാരിക്കാന്‍ പ്രയാസം', അപകീര്‍ത്തികരമായ വിവരങ്ങള്‍; മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്

നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തിപരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസ്. ‘മദ ഗജ രാജ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് വിറച്ച് ക്ഷീണിച്ച് വിശാല്‍ എത്തിയത്. വേദിയില്‍ സംസാരിക്കവെ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും ശാരീരികബുദ്ധിമുട്ടുകള്‍ നടനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും വീഡിയോകളില്‍ എത്തിയിരുന്നു.

ഇതോടെ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് പല തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചില യുട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതോടെ, നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് മൂന്ന് ചാനലുകള്‍ക്കെതിരെ തേനാംപെട്ട് പൊലീസ് കേസ് എടുത്തത്.

അതേസമയം, 12 വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ മദ ഗജ രാജ സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ്. 2013ല്‍ റിലീസ് ചെയ്യേണ്ട ചിത്രമാണ് 2025 ജനുവരി 12ന് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ വെറും നാല് ദിവസം കൊണ്ട് 24 കോടി രൂപയാണ് ചിത്രം നേടിയ കളക്ഷന്‍.

മദ്രാസ്‌കാരന്‍, വണങ്കാന്‍, കാതലിക്ക നേരമില്ലൈ, നേസിപ്പായ, തരുണം തുടങ്ങി ഒന്നിച്ചെത്തിയ സിനിമകളെയെല്ലാം ബോക്സ് ഓഫീസില്‍ ഒതുക്കികൊണ്ടാണ് മദ ഗജ രാജയുടെ കുതിപ്പ്. സുന്ദര്‍ സിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Read more