തന്നെ കൊണ്ട് ഇനി മലയാള സിനിമ ചെയ്യിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പരസ്യമായി വെല്ലുവിളി നടത്തിയതായി നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെയും ചേംബറിലെയും എല്ലാവരും ഇരിക്കെ തന്നെ ബി ഉണ്ണികൃഷ്ണന്‍ വെല്ലുവിളി നടത്തിയത് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.
സിനിമയിലെ പല കാര്യങ്ങളും പുറത്ത് വരാറില്ല. താന്‍ പ്രതികരിച്ചതിന് പിന്നാലെ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കാര്യങ്ങള്‍ അറിഞ്ഞു. പരസ്യമായി പരാതികള്‍ പറഞ്ഞതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നത് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന് ശേഷം നടന്ന മീറ്റിങ്ങില്‍ വച്ച് ബി ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെയും ചേംബറിലെയും എല്ലാവരും ഇരിക്കെ തന്നെ ബി ഉണ്ണികൃഷ്ണന്‍ എന്നെ മലയാള സിനിമ ചെയ്യിക്കില്ല എന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു. പരാതി കൊടുക്കുന്നതിന് മുമ്പ് ഒരു സിനിമ ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്നം വരുന്നത്.
എനിക്കെതിരെ പ്രസ്മീറ്റ് നടത്താന്‍ അവര്‍ ആലോചിച്ചിരുന്നു. പല രീതികളില്‍ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മലയാള സിനിമയില്‍ എന്ത് പ്രശ്നങ്ങളുണ്ടായാലും ബി ഉണ്ണികൃഷ്ണന്‍ അതിന് പിന്നിലുണ്ടാകും. പക്ഷെ അദ്ദേഹത്തിന്റെ പേര് എവിടെയും വരില്ല. അയാള്‍ ഇന്‍ഡസ്ട്രിയെ കയ്യിലൊതുക്കി വച്ചിരിക്കുകയാണ്.
സിനിമയില്‍ നില്‍ക്കണമെങ്കില്‍ ഒന്നും പുറത്തു പറയരുത് എന്നാണ് പലരും എന്നോടും പറയുന്നത്. പക്ഷെ എനിക്ക് അങ്ങനെ ചെയ്യാനാകില്ല. ഫെഫ്കയില്‍ പരാതി നല്‍കിയിട്ടുള്ള മറ്റ് സ്ത്രീകള്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത് എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. അതേസേമയം, സാന്ദ്രയുടെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനുമെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.