പൃഥ്വിരാജിനെ ഒഴിവാക്കി; 'കര്‍ണനില്‍ ചിയാന്‍ വിക്രം നായകന്‍'; ആർഎസ് വിമലിന്റെ 300 കോടി സിനിമ പ്രഖ്യാപിച്ചു

പൃഥ്വിരാജ് ആരാധകര്‍ ഏറെ കൊട്ടിഘോഷിച്ച ഒരു സിനിമ പേരായിരുന്നു കര്‍ണ്ണന്‍. അതിനു കാരണവും ഉണ്ട്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു എന്നത് തന്നെ. ചരിത്രപ്രാധാന്യമുള്ള സിനിമകള്‍ക്ക് എന്നും മലയാള സിനിമാ മേഖലയില്‍ നല്ല പ്രാധാന്യം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ വലിയൊരു പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പൃഥ്വിരാജിന് പകരം ചിയാന്‍ വിക്രമിനെ നായകനാക്കി 300 കോടിരൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ വിമല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. എന്നാൽ മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്മാറിയിട്ടുണ്ട്.

“എന്ന് നിന്റെ മൊയ്തീന്‍” എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു. മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമുണ്ടായിരുന്നു. അത് കര്‍ണനെയും ബാധിച്ചു എന്നാണ് വിവരം.