മൂന്ന് വർഷത്തെ പ്രയത്നം, കാന്താര 2 ചിത്രീകരണത്തിന് ഒടുവിൽ പാക്കപ്പ്, ഞെട്ടിച്ച് മേക്കിങ് വീഡിയോ

കെജിഎഫിന് ശേഷം കന്നഡ സിനിമയുടെ നിലവാരം ഉയർത്തിയതിൽ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കാന്താര. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രം മികച്ച സിനിമാനുഭവമാണ് ലോകമെമ്പാടുമുളള പ്രേക്ഷകർക്ക് നൽകിയത്. ബോക്സോഫിസ് കലക്ഷന്റെ കാര്യത്തിലും വലിയ മുന്നേറ്റമാണ് റിഷഭ് ഷെട്ടിയുടെ കാന്താര നടത്തിയത്. ബ്ലോക്ക്ബസ്റ്റർ സിനിമയുടെ പ്രീക്വൽ പ്രഖ്യാപിച്ചതുമുതൽ ആവേശത്തിലാണ് സിനിമാപ്രേമികൾ. കാന്താര ചാപ്റ്റർ ഒന്ന് എന്ന പേരിലുളള ചിത്രം മറ്റൊരു ദൃശ്യവിസ്മയം തന്നെ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കാത്തിരിപ്പിനൊടുവിൽ കാന്താര സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

കാന്താര 2വിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് ഷൂട്ടിങ് പൂർത്തിയായ വിവരം നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മൂന്ന് വർഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. ആദ്യ ഭാ​ഗത്തിൽ പ്രേക്ഷകർ കണ്ട കഥയുടെ മുൻ‌പ് നടന്ന സംഭവങ്ങളാണ് കാന്താര ചാപ്റ്റർ 1ൽ കാണിക്കുക. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുളളവ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വലിയ ക്യാൻവാസിലാണ് കാന്താര ചാപ്റ്റർ 1 ഒരുക്കുന്നത്. 500 ഫൈറ്റർമാർ അണിനിരക്കുന്ന യുദ്ധരം​ഗവും സിനിമയിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരും ഒന്നിച്ച് ചേരും. 2022 സെപ്റ്റംബർ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. 16 കോടി ആയിരുന്നു ബജറ്റ്. ഋഷഭ് ഷെട്ടി ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 125 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ ബജറ്റ്. സിനിമ ഒക്ടോബർ 2നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്യുക.

Read more