തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. സിനിമ കരിയറിൽ അടുത്തിടെ സൂപ്പർതാരം എടുത്ത തീരുമാനം മലയാളി ആരാധകരെയും നിരാശരാക്കിയിരുന്നു. ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം അഭിനയം നിർത്തുമെന്നും രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുമെന്നുമാണ് വിജയ് അറിയിച്ചത്. വിജയ് രാഷ്ട്രീയ രംഗത്ത് എത്തിയതിന് പിന്നാലെ നടനെ കുറിച്ച് പലതരത്തിലുളള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നടനും ഭാര്യ സംഗീതയും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.
പൊതുവേദികളിൽ വിജയ്ക്കൊപ്പം ഇപ്പോൾ സംഗീതയെ അധികം കാണാറില്ല. കൂടാതെ അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ മരുമകളെ കുറിച്ച് സംസാരിക്കാൻ വിജയ് യുടെ പിതാവ് ചന്ദ്രശേഖർ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് വേർപിരിയൽ അഭ്യൂഹങ്ങൾക്ക് കാരണമായത്. ഭർത്താവിന്റെ രാഷ്ട്രീയ പ്രവേശനം സംഗീതയ്ക്ക് ഇഷ്ടമില്ലെന്നും അതിനാൽ സ്വന്തം വീട്ടിലേക്ക് പോയെന്നും വാർത്തകൾ വന്നു. എന്നാൽ ഇതിനോടൊന്നും വിജയ് യും കുടുംബവും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
Read more
എന്നാൽ ഇത്തരം വാർത്തകളിൽ വിജയുടെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട് പ്രതികരിച്ചിരിക്കുകയാണ്. സൂപ്പർതാരത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് സഞ്ജീവ്. വിജയ് യും സംഗീതയും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങൾ പൊതുയിടത്ത് കൊണ്ടുവരാൻ താത്പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തിൽ വിജയ്ക്ക് നിർബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമയൽ എക്‌സ്‌പ്രസ് സീസൺ 2 എന്ന ടിവി പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം.









