'ഈ ടീച്ചര്‍മാര്‍ എന്താ ഇങ്ങനെ? കുനാല്‍ കംറ സഞ്ചരിച്ച എയര്‍ലൈന്‍സ് പോലെ' മകന്റെ ഉത്തരക്കടലാസ് പങ്കുവച്ച് പരിഹാസവുമായി റസൂല്‍ പൂക്കുട്ടി

മകന്റെ ഉത്തരക്കടലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പരിഹാസവുമായി
ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി. പരീക്ഷയില്‍ രണ്ട് ചോദ്യങ്ങള്‍ക്ക് സ്വന്തം യുക്തി ഉപയോഗിച്ച് ഉത്തരമെഴുതിയ മകന്റെ ഉത്തരങ്ങളോടുളള ടീച്ചറുടെ പ്രതികരണമാണ് അച്ഛനായ റസൂല്‍ പൂക്കുട്ടി ചോദ്യം ചെയ്തിരിക്കുന്നത്. ഭൂഗുരുത്വാകര്‍ഷണ നിയമത്തെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് ടീച്ചര്‍ വെട്ടിക്കളഞ്ഞത്.

മുകളിലേക്ക് പോകുന്നതൊക്കെ താഴേയ്ക്കു തന്നെ നിപതിക്കും എന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ മകന്റെ ഉത്തരം. “ആഹാ, ഗംഭീര ഉത്തരം,” എന്നായിരുന്നു അതു വെട്ടിക്കളഞ്ഞ് ടീച്ചര്‍ ഉത്തരക്കടലാസില്‍ എഴുതിയ കമന്റ്. അധ്യാപകന്റെ നിലപാട് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറ സഞ്ചരിച്ച എയര്‍ലൈന്‍സിന് സമാനമാണെന്ന് റസൂല്‍ പൂക്കുട്ടി പരിഹസിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

“”ഞാനെന്റെ മകന്റെ ഉത്തരപേപ്പര്‍ നോക്കുകയായിരുന്നു. അതില്‍ രണ്ട് ഉത്തരങ്ങള്‍ എന്നെ ആശയക്കുഴപ്പത്തിലാക്കി. ആ രണ്ട് ഉത്തരങ്ങളും പുസ്തകത്തില്‍ നിന്ന് കിട്ടിയ വിവരങ്ങളായിരുന്നില്ല. മറിച്ച്, യുക്തിയിലൂടെ കണ്ടെത്തിയവയായിരുന്നു. ഒരു ചോദ്യം കോണ്‍വെക്‌സ് കണ്ണാടികളെക്കുറിച്ചും മറ്റൊന്ന് ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ചും ആയിരുന്നു. ഒന്നില്‍ മുഴുവന്‍ മാര്‍ക്ക് കിട്ടിയെങ്കിലും രണ്ടാമത്തെ ഉത്തരം ഒട്ടും ദാക്ഷിണ്യമില്ലാതെ അധ്യാപകന്‍ വെട്ടിക്കളഞ്ഞു. അതിനൊപ്പം ഒരു കമന്റും അദ്ദേഹം ഉത്തരക്കടലാസില്‍ കുറിച്ചിരുന്നു. ഈ ടീച്ചര്‍മാര്‍ എന്താ ഇങ്ങനെ എന്ന് എനിക്കു മനസ്സിലാകുന്നില്ല. കുനാല്‍ കർമ യാത്ര ചെയ്യുന്ന എയര്‍ലൈന്‍സ് പോലെ..!””

മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വച്ച് ശല്യം ചെയ്‌തെന്നു ചൂണ്ടിക്കാണിച്ച് ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനി സ്റ്റാന്‍ഡ് ആപ് കൊമേഡിയന്‍ കുനാല്‍ കര്‍മയെ യാത്രയില്‍ നിന്നു വിലക്കിയിരുന്നു. വിമാനത്തില്‍ വച്ച് അര്‍ണബ് ഗോസ്വാമിയെ കുനാല്‍ ചോദ്യം ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിനു പിന്നാലെയായിരുന്നു വിമാനക്കമ്പനിയുടെ നടപടി. ഇതിനെതിരെ പ്രതിഷേധം ഉയരുന്ന സഹാചര്യത്തിലാണ് മകന്റെ പരീക്ഷപേപ്പറിലെ അധ്യാപകന്റെ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് റസൂല്‍ പൂക്കുട്ടി വിമനക്കമ്പനിയെ പരിഹസിച്ചത്.