മമ്മൂട്ടിയോട് റീടേക്ക് ആവശ്യപ്പെട്ട പിഷാരടിയ്ക്ക് കിട്ടിയ പണി; ഗാനഗന്ധര്‍വ്വന്‍ ലൊക്കേഷനിലെ രസകരമായ സംഭവം

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കിയ ഗാനഗന്ധര്‍വ്വന് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച രംഗം റീടേക്ക് എടുക്കാന്‍ പറഞ്ഞ സാഹചര്യത്തെ കുറിച്ചും അതിനെ തുടര്‍ന്ന് മമ്മൂട്ടി തനിക്കു തന്ന രസകരമായ പണിയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് പിഷാരടി.

“ഒരു പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഉത്സവപ്പറമ്പില്‍ അറുനൂറോളം പേര്‍ നില്‍ക്കുന്നുണ്ട്. മമ്മൂക്ക പാട്ട് പാടണം. ഒന്ന് തെറ്റിയ പോലെ തോന്നി, ഞാന്‍ കട്ട് ചെയ്തു. രണ്ടാമത് തെറ്റിയതു പോലെ തോന്നി, ഞാന്‍ കട്ട് ചെയ്തു. ഞാന്‍ സ്‌റ്റൈലിന് വേണ്ടി മമ്മൂക്കയ്‌ക്കൊരു കൂളിംഗ് ഗ്ലാസും കൊടുത്തിരുന്നു. ഇരുവശത്തും നിന്നും ലൈറ്റും മിന്നിമിന്നി കത്തുന്നുണ്ട്.”

ഞാന്‍ ഉത്സവപ്പറമ്പിന്റെ ഏറ്റവും പിന്നിലായിരുന്നു. രണ്ട് കട്ട് പറഞ്ഞപ്പോള്‍ മമ്മൂക്ക എന്നെ കൈ കാണിച്ച് വിളിച്ചു. കൂളിംഗ് ഗ്ലാസ് എനിക്ക് വെച്ചു തന്നു. ലൈറ്റ് ഓണാക്കാന്‍ പറഞ്ഞു. താഴെ നിന്ന് ലൈറ്റ് ശക്തിയായി മിന്നി മുഖത്ത് അടിക്കുന്നുണ്ട്. അതിനാല്‍ കൂളിംഗ് ഗ്ലാസും നോക്കി പാട്ട് പുസ്തകം നോക്കുമ്പോള്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല. നീ ഇതുപോലത്തെ പാട്ടു പുസ്തകവും തന്ന് കൂളിംഗ് ഗ്ലാസും വെപ്പിച്ച് ഇത്രയും ലൈറ്റും അടിപ്പിച്ച് അവിടെ ഇരുന്ന് പിന്നെയും എടുക്ക് പിന്നെയും എടുക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ല ആദ്യം ഇതിനൊരു പരിഹാരം കാണെന്ന് മമ്മൂക്ക പറഞ്ഞു.” ബഡായ് ബംഗ്ലാവില്‍ അതിഥിയായെത്തിയപ്പോള്‍ പിഷാരടി പറഞ്ഞു.