'നിങ്ങളില്‍ എത്ര പേര്‍ക്ക് ഖൊ ഖൊ കളിക്കാന്‍ അറിയാം?'; വീണ്ടും സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍, ടീസര്‍

ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്പോര്‍ട്സ് ചിത്രവുമായി രജിഷ വിജയന്‍. ഖൊ ഖൊ താരമായി വേഷമിടുന്ന “ഖൊ ഖൊ” സിനിമയുടെ ടീസര്‍ പുറത്ത്. രാഹുല്‍ റിജി നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഖൊ ഖൊ കോച്ച് ആയാണ് ടീസറില്‍ രജിഷ പ്രത്യക്ഷപ്പെടുന്നത്.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ ഒരുക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. മമിത ബൈജു, വെങ്കിടേഷ് വി.പി, രഞ്ജിത്ത് ശേഖര്‍ നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ടോബിന്‍ തോമസ് ഛായാഗ്രഹണവും സിദ്ധാര്‍ഥ് പ്രദീപ് സംഗീതവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിഗും നിര്‍വ്വഹിക്കുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡി പോലുള്ള ഒരു കളിയാണ് ഖൊ ഖൊ. പാലക്കാട് ജില്ലയിലെ കാടാങ്കോടും കൊട്ടേക്കാടും ഖൊ ഖൊ എന്ന കളിക്ക് പ്രസിദ്ധമായ സ്ഥലങ്ങളാണ്.

അതേസമയം, 2019ല്‍ റിലീസ് ചെയ്ത ഫൈനല്‍സില്‍ സൈക്ലിസ്റ്റ് ആയാണ് രജിഷ വേഷമിട്ടത്. കര്‍ണന്‍, മലയന്‍കുഞ്ഞ് എന്നീ ചിത്രങ്ങളാണ് രജിഷയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ലവ് ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം.