തലൈവര്‍-ലോകേഷ് ചിത്രം ഓണ്‍ ആയി; പുതിയ അപ്‌ഡേറ്റ് പുറത്ത്

രജനികാന്ത് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ‘തലൈവര്‍ 171’ ഓണ്‍ ആയെന്ന് റിപ്പോര്‍ട്ടുകള്‍. ‘ലിയോ’ സിനിമയ്ക്ക് ശേഷം രജനികാന്ത് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ രജനി അഭിനയിച്ചു കൊണ്ടിരിക്കുന്ന ‘തലൈവര്‍ 170’ പൂര്‍ത്തിയായതിന് ശേഷമാണ് രജനി ലോകേഷിന്റെ സെറ്റില്‍ എത്തുക. കഴിഞ്ഞ മാസമാണ് സിനിമയുടെ തിരക്കഥ രജനികാന്തിനോട് ലോകേഷ് പറഞ്ഞത്. കമല്‍ ഹാസന്‍ ചിത്രത്തിന് ശേഷം കോളിവുഡിന്റെ കിംഗുമായി ലോകേഷ് ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

നിലവില്‍ ലിയോ ചിത്രീകരണത്തിലാണ് ലോകേഷും സംഘവും. കശ്മീരിലെ സീനുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാര്‍ച്ച് അവസാനത്തോടെയാണ് അണിയറപ്രവര്‍ത്തകര്‍ മടങ്ങിയെത്തിയത്. ഈ വര്‍ഷം ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

അതേസമയം രജനികാന്തിന്റെ ‘ജയിലര്‍’ ആണ് ഇനി റിലീസിന് കാത്തിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലും രജനികാന്തും തമ്മില്‍ ഒരു ഫൈറ്റ് സീക്വന്‍സ് ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.