രണ്ട് വാഴപ്പഴത്തിന് 442.50 രൂപ; ബില്ല് കണ്ട് അമ്പരന്ന് ബോളിവുഡ് നടന്‍

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ ബില്ലുകള്‍ പുതുമയല്ല. ഇപ്പോഴിതാ അത്തരത്തിലൊരു ബില്ലിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചണ്ഡീഗഢിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്ന് ബോളിവുഡ് താരം രാഹുല്‍ ബോസിന് കിട്ടിയ ബില്ലാണ് സംസാരവിഷയം. രണ്ട് വാഴപ്പഴത്തിന്  442.5 രൂപയാണ് ബില്ലില്‍ ചുമത്തിയിരിക്കുന്നത്. രാഹുല്‍ തന്നെയാണ് ജി.എസ്.ടി ഉള്‍പ്പടെയുള്ള ബില്ല് ട്വിറ്ററില്‍ പങ്കുവെച്ചത്.

ജിം സെഷന് ശേഷം ഓര്‍ഡര്‍ ചെയ്ത രണ്ട് വാഴപ്പഴത്തിനാണ് ഈ ബില്ല് ചുമത്തിയിരിക്കുന്നത്. ബില്ല് കണ്ട് ശരിക്കും കണ്ണ് തള്ളിപ്പോയെന്ന് രാഹുല്‍ ബോസ് ട്വിറ്റര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഇത്തരം കൊള്ളവില ഈടാക്കിയതിനെതിരെ താരത്തിന്റെ ആരാധകരും രംഗത്തു വന്നിട്ടുണ്ട്. പഴങ്ങള്‍ക്ക് ഇത്തരത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്താനാകില്ലന്നും ആരാധകര്‍ പറയുന്നു.