രാച്ചിയമ്മ എണ്ണക്കറുപ്പിന്റെ അഴകുള്ളവള്‍; പാര്‍വതി ഞങ്ങളുടെ മുഖം കവര്‍ന്നെടുക്കരുത്; സിനിമയുടെ കാസ്റ്റിംഗിനെതിരെ 'കറുത്ത' സുന്ദരികള്‍

എണ്ണക്കറുപ്പിന്റെ അഴകുള്ള, കറുത്ത രാച്ചിയമ്മയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ എന്തിനാണ് വെളുത്ത നടിയായ പാര്‍വതി?. ആ കഥാപാത്രം എണ്ണക്കറുപ്പുള്ള ഏതെങ്കിലും സുന്ദരിക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ പ്രചാരണത്തിലാണ് ഒരുകൂട്ടം പെണ്ണുങ്ങള്‍. സ്വന്തം നോ എഡിറ്റ്, നോ ഫില്‍ട്ടര്‍ പടങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റുകളേറെയും.

4 സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി സിനിമാ സമാഹാരത്തിലെ ലഘു ചിത്രമായാണ് ഉറൂബിന്റെ പ്രശസ്ത നോവല്‍ “രാച്ചിയമ്മ” ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രമൊരുക്കുന്നു. പാര്‍വതി തിരുവോത്ത് ആണ് നായികയായി എത്തുന്നതെന്ന വാര്‍ത്തയ്ക്കു പിന്നാലെ കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാള സിനിമയെന്ന വിമര്‍ശനവുമായി എഴുത്തുകാരി ദീപ നിശാന്ത് , അഭിഭാഷക കുക്കു ദേവകി, സംവിധായകന്‍ ഡോ ബിജുകുമാര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

ഇത് ഞങ്ങളെ നോക്കൂ, ഞങ്ങളെ നോക്കൂ എന്ന നിലവിളിയാണെന്നു കരുതരുതെന്നും കറുപ്പിനെ ഏതെല്ലാം അടരുകളോട് ചേര്‍ത്തുവച്ചാണ് സമൂഹം വായിക്കുന്നതെന്നു വ്യക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും ക്യാംപെയ്‌നില്‍ പങ്കാളിയായ ധന്യ എം.ഡി.പിങ്കി. സ്മിത സുമതി കുമാര്‍, അലീന ആകാശമിഠായി, അഡ്വ.കുക്കു ദേവകി, ഉമ സിതാര, അനു ഇന്ദ്രന്‍, ചിഞ്ചു സോര്‍ബ റോസ,എസ്.കവിത,രജനി പാലംപറമ്പില്‍, തനു തമ്പി, ഡിംപിള്‍ റോസ് തുടങ്ങിയവരും ശക്തമായ നിലപാടറിയിച്ച് ക്യാംപെയ്‌നിലുണ്ട്.