പ്രമോഷന് വരണമെങ്കില്‍ 3 ലക്ഷം, അടുത്ത് ആര് ഇരിക്കുമെന്നതും അവര്‍ക്ക് തീരുമാനിക്കണം..; നടി അപര്‍നദിക്കെതിരെ നിര്‍മ്മാതാവ്

തമിഴ് നടി അപര്‍നദിക്കെതിരെ ഗുരുതര ആരോപണവുമായി നിര്‍മാതാവ് സുരേഷ് കാമാക്ഷി. സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് വരണമെങ്കില്‍ 3 ലക്ഷം രൂപ നല്‍കണമെന്ന് നടി ആവശ്യപ്പെട്ടതായാണ് നിര്‍മ്മാതാവ് പറയുന്നത്. മാത്രമല്ല പ്രസ് മീറ്റില്‍ തന്റെ സീറ്റിനടുത്ത് ആര് ഇരിക്കുമെന്നത് താന്‍ തന്നെ തീരുമാനിക്കുമെന്ന നിബന്ധനയും നടി നടത്തിയതായും നിര്‍മ്മാതാവ് വ്യക്തമാക്കി.

‘നരകപ്പോര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനായി ബന്ധപ്പെട്ടപ്പോഴാണ് അപര്‍നദി നിബന്ധനകള്‍ വച്ചത് എന്നാണ് നിര്‍മ്മാതാവ് പ്രസ് മീറ്റില്‍ പറഞ്ഞിരിക്കുന്നത്. ”അപര്‍നദി ഈ പരിപാടിക്ക് വന്നിട്ടില്ല. ഈ പ്രവണത ഇപ്പോള്‍ തമിഴ് സിനിമയില്‍ കൂടി വരുകയാണ്. താരങ്ങള്‍ക്ക് ഇപ്പോള്‍ പ്രമോഷന് വരാന്‍ മടിയാണ്.”

”അപര്‍നദിയെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, പ്രമോഷന് വേറെ കാശ് തരണമെന്നാണ്. ഇതുകേട്ട ഉടനെ ഞാന്‍ അപര്‍നദിയെ വിളിച്ചു. സിനിമയുടെ അവസ്ഥ തന്നെ വളരെ മോശമാണ്. ഒരു സിനിമ എടുത്ത് അത് റിലീസ് വരെ എത്തിക്കുന്നത് വലിയ കഷ്ടപ്പാടുള്ള കാര്യമാണ്. അതിനിടെ നിങ്ങളെപ്പോലുള്ളവര്‍ പ്രമോഷനും എത്തിയില്ലെങ്കില്‍ അത് സിനിമയ്ക്ക് ദോഷമായി ബാധിക്കും.”

”എന്നാല്‍ ‘ഇല്ല ഞാന്‍ വരില്ല’ എന്ന് അവര്‍ പറഞ്ഞു. പിന്നീട് രണ്ട് മൂന്ന് നിബന്ധനകള്‍ അവര്‍ വച്ചു. സ്റ്റേജില്‍ ആരുടെ കൂടെ ഇരിക്കണമെന്നത് അവര്‍ തീരുമാനിക്കും, സ്റ്റേജില്‍ ആരൊക്കെ ഉണ്ടാകും എന്നത് നേരത്തെ അറിയിക്കണം. തന്റെ തുല്യ സ്ഥാനമുള്ളവര്‍ മാത്രമാകണം കൂടെ ഇരിക്കേണ്ടത് എന്നൊക്കെയായിരുന്നു നിബന്ധന.”

”ഇത് കേട്ടതോടെ എനിക്ക് ഭയങ്കര ദേഷ്യം വന്നു. അതോടെ നടികര്‍ സംഘത്തില്‍ ഇവര്‍ക്കെതിരെ പരാതി കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അപര്‍നദി തിരിച്ചു വിളിച്ചു. ‘സര്‍ തെറ്റുപറ്റിപ്പോയി, ആരെന്ന് അറിയാതെയാണ് അങ്ങനെ സംസാരിച്ചത്’ എന്നൊക്കെ പറഞ്ഞു.”

”സാരമില്ല, സിനിമയെ പിന്തുണയ്ക്കു. അവരെ സഹായിക്കൂ എന്ന് ഞാന്‍ മറുപടി പറഞ്ഞു. പക്ഷേ അണിയറപ്രവര്‍ത്തകര്‍ പിന്നീട് നടിയെ വിളിച്ചെങ്കിലും അവര്‍ പരിധിക്ക് പുറത്തായിരുന്നു. അവര്‍ പരിധിക്ക് പുറത്തു തന്നെ ഇരിക്കട്ടെ, തമിഴ് സിനിമയ്ക്ക് ഇങ്ങനെയുള്ള നടിമാരെ ആവശ്യമില്ല” എന്നാണ് സുരേഷ് കാമാക്ഷി പറയുന്നത്.

Read more