ബൈക്കോടിച്ച് അഭിമുഖം, ഹെല്‍മറ്റും ഇല്ല.. നടന്‍ പ്രശാന്തിനും അവതാരകയ്ക്കും കേസ്; പിന്നാലെ മാപ്പ്

ബൈക്കോടിച്ച് കൊണ്ട് അഭിമുഖം നല്‍കിയ നടന്‍ പ്രശാന്ത് നിയമകുരുക്കില്‍. ‘അന്ധഗന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് പ്രശാന്ത് ഹെല്‍മറ്റ് പോലും വയ്ക്കാതെ ബൈക്ക് ഓടിച്ചു കൊണ്ട് അഭിമുഖം നല്‍കിയത്. ആദ്യമായി ബൈക്ക് ഓടിക്കാന്‍ പഠിച്ചതിനേക്കുറിച്ചും മറ്റുമാണ് അഭിമുഖത്തില്‍ താരം പറയുന്നത്.

അവതാരക പിന്നില്‍ ഇരുന്നു കൊണ്ടാണ് അഭിമുഖം നടത്തിയത്. ഈ അഭിമുഖം വൈറലായതിന് പിന്നാലെ ചില എക്‌സ് ഉപയോക്താക്കള്‍ ചെന്നൈ ട്രാഫിക് പൊലീസിനെ സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്യുകയായിരുന്നു. ഈ വിഷയം ഗൗരവമായെടുത്ത ചെന്നൈ ട്രാഫിക് പൊലീസ് പ്രശാന്തിനും അവതാരകയ്ക്കുമെതിരെ പിഴ ഇടാക്കുകയും ചെയ്തു.

ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപയാണ് പിഴ ഈടാക്കിയത്. ഈ വിഷയത്തില്‍ പിന്നീട് വിശദീകരണവുമായി പ്രശാന്ത് തന്നെയെത്തി. ”ഞങ്ങള്‍ ബൈക്കില്‍ ഒരു അഭിമുഖം ചെയ്തിരുന്നു. ഞങ്ങള്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നത് നിങ്ങള്‍ കണ്ടിരിക്കും. അത് ആ ഷോയ്ക്ക് വേണ്ടി മാത്രമായിരുന്നു.”

”പക്ഷേ നിങ്ങള്‍ വാഹനമോടുക്കുമ്പോള്‍ തീര്‍ച്ചയായും ഹെല്‍മറ്റ് ധരിക്കണം. ഞാന്‍ എപ്പോഴും വാദിക്കുന്ന കാര്യമാണിത്. അഭിമുഖത്തിനിടെ ഹെല്‍മറ്റ് ധരിച്ചാല്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയില്ല എന്നതിനാലാണ് അത് ഒഴിവാക്കിയത്. സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഹെല്‍മറ്റ് ധരിക്കൂ, സുരക്ഷിതരാവൂ” എന്നാണ് പ്രശാന്ത് പറയുന്നത്.

അതേസമയം, ഓഗസ്റ്റ് 9ന് ആണ് പ്രശാന്തിന്റെ അന്ധഗന്‍ റിലീസ് ചെയ്യുന്നത്. ‘അന്ധാദുന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് അന്ധഗന്‍. പ്രിയ ആനന്ദ്, സിമ്രാന്‍, സമുദ്രക്കനി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അന്ധാദുന്റെ മലയാളം റീമേക്ക് ആയി 2021ല്‍ ഭ്രമം എന്ന ചിത്രം എത്തിയിരുന്നു.

Read more