അസാമാന്യ ധൈര്യമുള്ള സംവിധായകനേ അങ്ങനെ ഒരു സിനിമ ചെയ്യാന്‍ കഴിയൂ: പ്രിയദര്‍ശന്‍ പറയുന്നു

സംവിധായകന്‍ ഹരിഹരനുമായുള്ള ആത്മബന്ധത്തെ കുറിച്ച് പ്രിയദര്‍ശന്‍. ജെ.സി ഡാനിയേല്‍ പുരസ്‌കാരം ജീവിതം സിനിമയ്ക്കു വേണ്ടി മാത്രം സമര്‍പ്പിച്ചൊരു മനുഷ്യനു കേരളം നല്‍കുന്ന സമര്‍പ്പണമാണ്, മലയാളത്തിലെ സാധാരണക്കാരുടെ ഗുരുവന്ദനമാണ് എന്നും പ്രിയദര്‍ശന്‍ പറയുന്നു. തനിക്ക് വെളിച്ചം പകര്‍ന്ന് വഴി തെളിച്ചു തന്ന സംവിധായകനാണ് ഹരിഹരന്‍ എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

കളിയല്ല കല്യാണം, കോളജ് ഗേള്‍, അയലത്തെ സുന്ദരി എന്നിങ്ങനെയുള്ള ഹരിഹരന്‍ സാറിന്റെ സിനിമകള്‍ തമാശയുടെ പുതിയ രൂപമായിരുന്നു. വീണ്ടും വീണ്ടും കാണുകയും മനസ്സ് നിറഞ്ഞു ചിരിക്കുകയും ചെയ്ത സിനിമകള്‍. സാഹചര്യം തന്നെ കോമഡിയായി മാറുന്നത് ഈ സിനിമകളിലാണ് കണ്ടത്. എന്നാല്‍ ഇത്തരം സീനുകള്‍ സൃഷ്ടിക്കാന്‍ എത്ര പ്രയാസമാണെന്ന് സിനിമയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലാവുന്നതെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

തന്റെ പാഠപുസ്തകമാണ് ആ സിനിമകള്‍. അദ്ദേഹത്തെ മാത്രം താന്‍ സാര്‍ എന്നു വിളിച്ചു. മോഹന്‍ലാലും അങ്ങനെയാണു വിളിക്കുന്നത്. തറവാട്ടിലെ മുതിര്‍ന്ന ഒരാളോടു തോന്നുന്ന സ്‌നേഹമാണ്. കോമഡി സിനിമ ചെയ്തിരുന്ന സാര്‍ പെട്ടെന്നാണു ട്രാക്ക് മാറ്റിയത്. ശരപഞ്ജരം സിനിമ കണ്ടപ്പോള്‍ അദ്ഭുതം തോന്നി. ആ സിനിമയില്‍ ഹീറോ വില്ലനാണ്. അസാമാന്യ ധൈര്യമുള്ള സംവിധായകനേ അങ്ങനെയൊരു സിനിമ ചെയ്യാന്‍ കഴിയൂ.

ഗൗരവമുള്ള സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ അതും മലയാളത്തിലെ നാഴികക്കല്ലുകളായി. “വടക്കന്‍ വീരഗാഥ” പോലൊരു സിനിമയെ കുറിച്ചു പറയാതെ മലയാള സിനിമയുടെ ചരിത്രം എഴുതാനാകില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. മകള്‍ കല്യാണിയെ എഴുത്തിനിരുത്തിയത് ഹരിഹരന്‍ സാറാണ്. ആ ഗുരുത്വം അവള്‍ക്കു കിട്ടിയിട്ടുമുണ്ടെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.