ലൂസിഫർ മൂന്നാം ഭാ​ഗത്തെ കുറിച്ച് പൃഥ്വി പറയാത്തത് പ്രചരിപ്പിക്കുന്നു, വ്യാജവാർത്തകൾ തളളി താരത്തിന്റെ ഔദ്യോ​ഗിക ടീം

ലൂസിഫർ മൂന്നാം ഭാ​ഗത്തെ കുറിച്ച് സംവിധായകനായ പൃഥ്വിരാജ് പറയാത്തത് അദ്ദേഹത്തിൻറെ വാക്കുകളായി പ്രചരിപ്പിക്കുന്നുവെന്ന വിമർശനവുമായി താരത്തിന്റെ ഒഫിഷ്യൽ ഫാൻസ് ഗ്രൂപ്പ് ആയ പൊഫാക്ഷ്യോ (Poffactio). പൃഥ്വിരാജ് പറഞ്ഞതെന്ന പേരിൽ തെറ്റായ കാര്യങ്ങളാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും പൊഫാക്ഷ്യോ കുറിച്ചു. പുതിയ അഭിമുഖങ്ങളിൽ അദ്ദേഹം പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ചില മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ സോഷ്യൽ മീഡിയ ഷെയറുകളുടെ സ്ക്രീൻ ഷോട്ടിനൊപ്പമാണ് പൊഫാക്ഷ്യോയുടെ പോസ്റ്റ് വന്നത്.

എൽ 3 ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും അണ്ടർ വാട്ടർ ആക്ഷൻ സീക്വൻസുകളടക്കം ഉള്ള ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ എറ്റവും പുതിയ ഹിന്ദി ചിത്രം സർസമീനിൻറെ റിലീസുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങൾ എന്ന രീതിയിലാണ് ഈ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ പ്രസ്തുത അഭിമുഖങ്ങളിൽ പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് പൊഫാക്ഷ്യോ അറിയിച്ചു.

Read more

“പൃഥ്വിരാജിന് എതിരായ വിദ്വേഷ പ്രചരണത്തിൻറെ ഭാ​ഗമായി സോഷ്യൽ മീഡിയയിലെ ഒരു വ്യാജ ഐഡിയിൽ നിന്ന് ആരംഭിച്ചതാണ് അദ്ദേഹത്തിൻറെ പേരിൽ എൽ 3 നെക്കുറിച്ചുള്ള വ്യാജ പ്രചരണം”. തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുള്ളവർ അത് പുനപരിശോധിക്കണമെന്നും തിരുത്തണമെന്നും പൊഫാക്ഷ്യോ അഭ്യർഥിച്ചു.