നീലവെളിച്ചത്തില്‍ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും സൗബിനും പിന്മാറി

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരിയിലെ പിണറായിയില്‍ ആരംഭിച്ചു. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
അതേസമയം,
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും സൗബിനും സിനിമയില്‍ നിന്ന് പിന്മാറി. ഡേറ്റ് ക്ലാഷുകള്‍ മൂലമാണ് ഇരുവരും ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്. ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് മാര്‍ച്ച് 10 ന് ജോര്‍ദാനിലേക്ക് പോകാനൊരുങ്ങുകയാണ്. ജൂണ്‍ ആദ്യമേ കേരളത്തിലേക്ക് മടങ്ങിയെത്തൂ. കുഞ്ചാക്കോ ബോബന്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലുമാണ്.

ഇരുവരുടെയും ഡേറ്റ് ക്ലാഷുകളെത്തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് വീണ്ടും നീളുമെന്ന് വന്നതോടെ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ പുതിയ താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ആഷിഖ് അബുവും നിര്‍മാതാവ് സന്തോഷ് ടി. കുരുവിളയും.

പൃഥ്വിരാജിന് പകരക്കാരനായി ടൊവിനോ തോമസും കുഞ്ചാക്കോ ബോബന് പകരക്കാരനായി ആസിഫ് അലിയും ആണ് എത്തുന്നത്.