ബീറ്റ്‌സ് ഓഫ് ‘രാധേശ്യാം’, പ്രണയം നിറച്ച് ‘വിക്രമാദിത്യ’യും ‘പ്രേരണ’യും; മോഷന്‍ പോസ്റ്റര്‍

Advertisement

പ്രഭാസിന്റെ ജന്മദിനത്തില്‍ പുതിയ ചിത്രം ‘രാധേശ്യാ’മിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 41-ാം ജന്മദിനമാണ് പ്രഭാസ് ഇന്ന് ആഘോഷിക്കുന്നത്. ബീറ്റ്‌സ് ഓഫ് രാധേശ്യാം എന്ന് പേരിട്ടിരിക്കുന്ന പോസ്റ്ററില്‍ പ്രഭാസിന്റെയും നായിക പൂജ ഹെഗ്‌ഡെയുടെയും റൊമാന്റിക് പോസാണ് ചിത്രീകരിക്കുന്നത്.

പ്രണയ ജോഡികളായ റൊമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി തുടങ്ങിയവര്‍ ഓരോ കമ്പാര്‍ട്ട്‌മെന്റുകളിലായി ഇരിക്കുന്നതായാണ് മോഷന്‍ പോസ്റ്റര്‍ ആരംഭിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. വിന്‍ഡേജ് കാറില്‍ മോഡേണ്‍ ലുക്കില്‍ ചാരി നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടത്.

പ്രേരണ എന്ന കഥാപാത്രമായാണ് പൂജ ഹെഗ്‌ഡെ വേഷമിടുന്നത്. രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിലവില്‍ ഇറ്റലിയിലെ ടോറിനോയിലാണ് രാധേശ്യാമിന്റെ ചിത്രീകരണം നടക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും.

യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.