വെന്റിലേറ്റര്‍ ബെഡിനായി സഹായം അഭ്യര്‍ത്ഥിച്ച് നടി പിയ ബാജ്‌പേയ്; ഒടുവില്‍ ദുഃഖവാര്‍ത്തയുമായി താരം

നടി പിയ ബാജ്‌പേയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സഹോദരന് വേണ്ടി വെന്റിലേറ്റര്‍ ബെഡ് ആവശ്യപ്പെട്ട് നടി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബെഡ് കിട്ടാത്തതിനെ തുടര്‍ന്ന് സഹോദരന്‍ മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരപ്രദേശിലെ ഫറൂഖ്ബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പിയയുടെ സഹോദരന്‍. ”എനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം. ഒരു വെന്റിലേറ്റര്‍ ബെഡ് വേണം. എന്റെ സഹോദരന്‍ മരിയ്ക്കാന്‍ പോകുകയാണ്. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ വിളിക്കണം” എന്നാവശ്യപ്പെട്ട് ഒരു ഫോണ്‍ നമ്പറും പിയ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

എന്നാല്‍ രണ്ടു മണിക്കൂറിന് ശേഷം സഹോദരന്‍ മരിച്ചു എന്ന ദുഃഖവാര്‍ത്ത താരം ട്വീറ്റ് ചെയ്തു. തമിഴില്‍ അരങ്ങേറ്റം കുറിച്ച പിയ മാസ്റ്റേഴ്‌സ്, ആമയും മുയലും, അഭിയുടെ കഥ അനുവിന്റെയും എന്നീ മലയാളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

പൊയ് സൊല്ല പോറോം ആണ് പിയയുടെ ആദ്യ ചിത്രം. ഗോവ, കോ എന്നീ ചിത്രങ്ങളിലൂടെയാണ് പിയ ശ്രദ്ധിക്കപ്പെട്ടത്. 2018ല്‍ പുറത്തിറങ്ങിയ അഭിയുടെ കഥ അനുവിന്റെയും ആണ് താരത്തിന്റെയും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.