'മാസ്റ്റര്‍' ഒ.ടി.ടി റിലീസിന്? സ്ട്രീമിംഗ് അവകാശങ്ങള്‍ വന്‍ തുകയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി

വിജയ് ചിത്രം “മാസ്റ്റര്‍” നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ വന്‍തുകയ്ക്ക് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ വിതരണക്കാരായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഓണര്‍ ലളിത് കുമാര്‍ ആണ് നെറ്റ്ഫ്‌ളിക്‌സിന് ചിത്രത്തിന്റെ അവകാശങ്ങള്‍ വിറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാസ്റ്റര്‍ റിലീസ് അവകാശങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിന് വിറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെന്നും എന്നാല്‍ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് തീരുമാനമായില്ല എന്നുമാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ തിയേറ്റര്‍ റിലീസിന് പിന്നാലെയാകുമോ ഒ.ടി.ടി റിലീസ് എന്നത് വ്യക്തമല്ല.

വിജയ്‌യും വിജയ് സേതുപതിയും വേഷമിടുന്ന മാസ്റ്ററിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് ലോക്ഡൗണിനിടെ പ്രദര്‍ശനം മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രം ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്തെത്തിയിരുന്നു.

Read more

രാജ്യത്തെ തിയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് ലൊകേഷ് വ്യക്തമാക്കിയിരുന്നു. നവംബര്‍ 14-ന് ആണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്. തമിഴ്‌നാട്ടില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കുറച്ച് ആളുകള്‍ മാത്രം തിയേറ്ററില്‍ എത്തുന്നതിനാല്‍ ഇവ അടച്ചിരുന്നു.