മമ്മൂട്ടിയോ ആസിഫ് അലിയോ? മികച്ച നടനുളള സംസ്ഥാന പുരസ്കാരം ഇത്തവണ ആര് നേടും, സാധ്യത പട്ടികയിൽ ഈ താരങ്ങളും

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇത്തവണ ആരാവും മികച്ച നടനെന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവൻ, മോഹൻലാൽ, ഫഹദ് ഫാസിൽ, ടൊവിനോ എന്നിങ്ങനെ നിരവധി പേരുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുകേൾക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി ഇത്തവണയും സാധ്യത പട്ടികയിൽ‌ ഇടംപിടിച്ചിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് 2022ൽ മമ്മൂട്ടിക്കായിരുന്നു മികച്ച നടനുളള പുരസ്കാരം. 2023, 2024 വർഷങ്ങളിലും അദ്ദേഹത്തിന്റെ പേര് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും പുരസ്കാരം ലഭിച്ചിരുന്നില്ല.

മമ്മൂട്ടിക്കൊപ്പം ഇത്തവണ ആസിഫ് അലിയും മികച്ച നടനുളള സാധ്യത പട്ടികയിൽ മുന്നിലുണ്ട്. തലവൻ, അഡിയോസ് അമിഗോ, ലെവൽ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനായിരിക്കും ആസിഫ് അലിയെ മികച്ച നടനുളള പുരസ്കാരത്തിന് പരി​ഗണിക്കുക. നാല് ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് നടൻ കാഴ്ചവച്ചത്. ഇതിന് മുൻപ് 2018ൽ കാറ്റ് എന്ന ചിത്രത്തിനും, 2019ൽ കെട്ട്യോളാണെന്റെ മാലാഖയിലെ പ്രകടനത്തിനും ആസിഫ് മികച്ച നടനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവാർ‍ഡ് ലഭിച്ചില്ല.

Read more

ആസിഫ് അലിക്കൊപ്പം കിഷ്കിന്ധാകാണ്ഡത്തിലെ പ്രകടനത്തിലൂടെയാണ് വിജയരാഘവനും സാധ്യത പട്ടികയിലുളളത്. മലൈക്കോട്ടൈ വാലിബൻ ചിത്രത്തിലൂടെ മോഹൻലാലും, ആവേശം സിനിമയിലൂടെ ഫഹദും, അജയന്റെ രണ്ടാം മോഷണത്തിലൂടെ ടൊവിനോയും മത്സരം​ഗത്തുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇത്തവണ ഓഗസ്റ്റ് രണ്ടാം വാരം നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.