ദിലീപിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ പ്രിൻസ് ആൻഡ് ഫാമിലി തിയേറ്ററുകളിൽ വിജയം നേടിയിരുന്നു. ഫാമിലി എന്റർടെയ്നറായി പുറത്തിറങ്ങിയ സിനിമ പ്രമേയം കൊണ്ടും ചിത്രത്തിലെ താരങ്ങളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിൻസ് ആൻഡ് ഫാമിലി സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. പരിപാടിയിൽ തന്റെ സിനിമാജീവിതത്തെ കുറിച്ച് വികാരഭരിതനായാണ് ദിലീപ് സംസാരിച്ചത്. മോഹൻലാലിന് മുന്നിൽ ക്ലാപ്പ് അടിച്ചുതുടങ്ങിയതാണ് തന്റെ സിനിമാജീവിതമെന്ന് നടൻ പറഞ്ഞു. മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, സായികുമാർ, സിദ്ധിഖ്, ജഗതി ശ്രീകുമാർ തുടങ്ങി മലയാള സിനിമയിലെ മികവുറ്റ സീനിയേഴ്സിന്റെ സിനിമകൾ കണ്ടാണ് താൻ അഭിനയം പഠിച്ചത്.
അസിസ്റ്റന്റ് ഡയറക്ടറായിരുന്ന താൻ നടനായി മാറിയപ്പോൾ ഒരുപാടുപേരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ദിലീപ് തുറന്നുപറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫൻ റിസ്കെടുത്താണ് തന്നെ നായകനാക്കി പ്രിൻസ് ആൻഡ് ഫാമിലി എടുത്തതെന്നും ഈ സിനിമ ഇന്നത്തെ അവസ്ഥയിൽ 60 ദിവസം പൂർത്തിയാക്കിയതിൽ വലിയ സന്തോഷമുണ്ടെന്നും ദിലീപ് കൂട്ടിച്ചേർത്തു. പ്രിൻസ് ആൻഡ് ഫാമിലിയുടെ അണിയറപ്രവർത്തകർ എല്ലാം പങ്കെടുത്ത പരിപാടിയിൽ ദിലീപിന്റെ മകൾ മീനാക്ഷിയും ഉണ്ടായിരുന്നു.
Read more
നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിനൊപ്പം സിദ്ദിഖ്, ജോണി ആന്റണി, റാണിയ റാണ, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, മഞ്ജു പിളള ഉൾപ്പെടെയുളള താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം രണദീവും എഡിറ്റിങ് സാഗർ ദാസുമാണ് നിർവഹിച്ചത്. സനൽ ദേവ് പാട്ടുകൾ ഒരുക്കി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമ്മിച്ചു.