ഒരു കൈയില്‍ പൂജാമണിയും മറുകൈയില്‍ തോക്കുമേന്തി ദേവനാരായണന്‍ വന്നിട്ട് 31 വര്‍ഷം

സഫീര്‍ അഹമ്മദ്‌

Aug 26 1988…
മലയാള സിനിമയിലെ മികച്ച ആക്ഷന്‍ സിനിമകളില്‍ ഒന്നായ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ “”ആര്യന്‍”” റിലീസായിട്ട് 31 വര്‍ഷം….

പൂച്ചയ്ക്ക്‌ക്കൊരു മൂക്കുത്തി മുതല്‍ 16 ഓളം സിനിമകളില്‍ കളിയും തമാശയും പിന്നെ കുറച്ച് സെന്റിമെന്റ്‌സും ഒക്കെ ചേരുംപടി ചേര്‍ത്ത് പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്ന പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ആദ്യ ചുവടുമാറ്റമാണ് “”ആര്യന്‍”” എന്ന ആക്ഷന് പ്രാധാന്യമുള്ള സിനിമ….
slapstick കോമഡിയില്‍ നിന്ന് ആക്ഷന്‍ ജോണറിലേക്കുള്ള അരങ്ങേറ്റം പ്രിയദര്‍ശന്‍ അതിഗംഭീരം ആക്കുകയും ചെയ്തു….
ടി ദാമോദരന്‍ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ എന്ന കോമഡി സംവിധായകന്‍ സിനിമ ചെയ്യുന്നു, അത് മോഹന്‍ലാല്‍ തന്നെ നിര്‍മ്മിക്കുന്നു എന്നീ കാരണങ്ങള്‍ കൊണ്ട്
“”ആര്യന്‍”” ചിത്രീകരണഘട്ടത്തിലും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു…..

ദേവനാരായണന്‍ എന്ന സാധു ബ്രാഹ്മണ യുവാവിന്റെ പട്ടിണിയുടെയും അതിജീവനത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ബോംബെയുടെ പശ്ചാത്തലത്തില്‍ പ്രിയദര്‍ശനും ടി ദാമോദരനും കൂടി അവതരിപ്പിച്ചത്….
അത് പ്രേക്ഷകര്‍ നിറഞ്ഞ കൈയടികളുടെ അകമ്പടിയോടെ സ്വീകരിക്കുകയും ചെയ്തു….
കോമഡി സിനിമകള്‍ മാത്രമല്ല, മറ്റേത് ആക്ഷന്‍ സിനിമകളുടെ സംവിധായകരെക്കാളും സാങ്കേതിക തികവോടെ, ചടുലതയോടെ ആക്ഷന്‍ സിനിമ ചെയ്യാന്‍ തനിക്ക് പറ്റും എന്ന് പ്രിയദര്‍ശന്‍ ഉറക്കെ വിളിച്ച് പറഞ്ഞ സിനിമയായിരുന്നു ആര്യന്‍….

ആര്യനിലെ മുഖ്യ ആകര്‍ഷണം മോഹന്‍ലാല്‍ തന്നെയാണ്…ദേവനാരായണന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചു…
ശരിക്കും വണ്‍മാന്‍ ഷോ എന്ന് പറയാവുന്ന പെര്‍ഫോമന്‍സ്….
കുഞ്ഞാലിക്ക എന്ന ബാലന്‍ കെ നായരുടെ കഥാപാത്രത്തിന്റെ പിന്നാലെ ദേവന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം നടക്കുന്നതും ഉന്തുവണ്ടി കല്ലില്‍ തട്ടി സാധനങ്ങള്‍ നിലത്ത് വീഴുമ്പോള്‍ ഓടി വന്ന് എടുത്തു വെയ്ക്കുന്നതും കാറ്റത്ത് ആടുന്ന റാന്തല്‍ കൈ കൊണ്ട് പിടിച്ചു നിര്‍ത്തുന്നതും പിന്നെ ചെറിയൊരു ചിരി ചിരിച്ച് ഉന്തുവണ്ടി പതിയെ മുന്നോട്ട് തള്ളി നീക്കുന്നതും ആര്യനിലെ മികച്ച രംഗങ്ങളിലൊന്നാണ്, തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ചെറുപുഞ്ചിരി സമ്മാനിച്ച രംഗം…. എത്ര മനോഹരമായിട്ടാണ്, എത്ര സ്വഭാവികമായിട്ടാണ് ദേവന്‍ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥ ഈ രംഗത്തില്‍ മോഹന്‍ലാല്‍ പകര്‍ന്നാടിയിരിക്കുന്നത്….

തിയേറ്ററില്‍ പ്രേക്ഷകര്‍ക്ക് ആവേശം/ രോമാഞ്ചം പകര്‍ന്ന് നല്കിയ ഒട്ടനവധി രംഗങ്ങളാല്‍ സമ്പന്നമായിരുന്നു ആര്യന്‍….
3 മണിക്കൂറിനടുത്ത് ദൈര്‍ഘ്യം ഉള്ള ആര്യന്‍ ദേവനാരായണന്റെ ജീവിതം വിശദമായി തന്നെ പറയുന്നുണ്ട്….
തന്റെ സ്വര്‍ണമാല മാര്‍ട്ടിനില്‍ നിന്ന് തിരിച്ച് വാങ്ങാനായി ദേവനാരായണന്‍ wrestling റിങ്ങിലേക്ക് വരുന്ന രംഗവും, അതിന് അകമ്പടിയായിട്ടുള്ള പശ്ചാത്തല സംഗീതവും, തുടര്‍ന്നുള്ള ആ സ്റ്റണ്ടും തിയേറ്ററുകളില്‍ നിറച്ച ആവേശവും കൈയടികളും വളരെ വലുതായിരുന്നു… ശരിക്കും ഒരു പ്രേക്ഷകന്‍ അനുഭവിച്ചറിയേണ്ട ആവേശം… ഒരു ഫാന്‍സ് അസോസിയഷന്റെയും പിന്‍ബലമില്ലാതെയാണ് അന്നൊക്കെ തിയേറ്റര്‍ പരിസരം പൂരപ്പറമ്പ് ആയിരുന്നത്, തിയേറ്ററുകളില്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നിരുന്നത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്….

ആര്യന്‍ സിനിമയില്‍ വളരെ വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടത് മനോഹരവും ശക്തവുമായ ഇന്റര്‍വെല്‍ രംഗമാണ്…. അധോലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്ന ദേവന്‍ ആദ്യമായി ഒരു കൊലപാതകം നടത്തിയതിന് ശേഷം മദ്യപിക്കുന്ന രംഗം…. തെറ്റ് ചെയ്ത വേദനയില്‍, കുറ്റബോധത്തില്‍ ദേവന്‍ മദ്യം ബുദ്ധിമുട്ടി കുടിക്കുന്നതിനൊപ്പം പഴയ പൂജാരിയായ ദേവനെ കാണിക്കുന്നിടത്താണ് ഇന്റര്‍വെല്‍… പ്രേക്ഷകരെ ശരിക്കും ആകര്‍ഷിച്ച ഇന്റര്‍വെല്‍ രംഗം…..

ആര്യനിലെ മറക്കാന്‍ പറ്റാത്ത സീനുകളിലൊന്നാണ് ഹോളി ആഘോഷവും തുടര്‍ന്നുള്ള വെടിവെയ്പ്പും സ്റ്റണ്ടും….
ആ സീനുകള്‍ മുഴുവന്‍ സ്ലോ മോഷനിലാണ് പ്രിയദര്‍ശന്‍ അവതരിപ്പിച്ചത്…
3 മിനിറ്റോളം വരുന്ന രംഗങ്ങള്‍ സ്ലോ മോഷനില്‍ അവതരിപ്പിക്കുന്നത് ഒരുപക്ഷെ മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും….
സ്ലോ മോഷനിലുള്ള മോഹന്‍ലാലിന്റെ സ്റ്റണ്ടും ഓട്ടവും ഒക്കെ 30 വര്‍ഷത്തിനിപ്പുറവും ഓര്‍മ്മയില്‍ നിറഞ്ഞ് നില്ക്കുന്നു….

ആര്യന്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന രംഗം ടാക്‌സി കാറുകളുടെ മുകളിലൂടെ വില്ലന്മാരെ കൊല്ലാനായി ഓടി വരുന്ന മോഹന്‍ലാലിനെ ആയിരിക്കും, ഉറപ്പ്….
വില്ലന്മാരുടെ കാറിന് പിന്നിലായി ടാക്‌സി കാറുകള്‍ അണിനിരക്കുന്നതും റോഡില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി വില്ലനെ കുടുക്കുന്നതും, പിന്നാലെ കാറിന് മുകളിലൂടെയായി മോഹന്‍ലാല്‍ ഓടി വരുന്നതും വില്ലന്മാരെ വെടിവെച്ചിടുന്നതും ഒക്കെ തിയേറ്ററുകളില്‍ ആവേശത്തിരകള്‍ ഉയര്‍ത്തി, ഒപ്പം രോമാഞ്ചവും…. പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പ് എത്രത്തോളം ഉയരെ ആണെന്ന് മലയാള സിനിമയ്ക്ക് കാണിച്ച് തന്ന രംഗങ്ങള്‍…. ജോണ്‍സണ്‍ നല്‍കിയ പശ്ചാത്തല സംഗീതം മേല്‍പറഞ്ഞ രംഗങ്ങളെ കൂടുതല്‍ ത്രില്ലിങ്ങ് ആക്കി…
5 മിനിറ്റുകളോളം ഉള്ള ആ രംഗങ്ങള്‍ ഇന്നും ആവേശത്തോടെയല്ലാതെ, രോമാഞ്ചത്തോടെ അല്ലാതെ കണ്ടിരിക്കാന്‍ പറ്റില്ല….
കാറുകളുടെ മുകളിലൂടെ മോഹന്‍ലാല്‍ ഓടി വരുന്ന രംഗം റീടേക്ക് ഇല്ലാതെ ഒറ്റ ടേക്കില്‍ എടുത്തതാണെന്ന് കേട്ടിട്ടുണ്ട്…. ഓട്ടത്തിനിടയില്‍ മോഹന്‍ലാല്‍ ഒന്ന് രണ്ട് തവണ തെന്നി വീഴാന്‍ പോകുന്നത് കാണാം ആ രംഗത്ത്….
ഒരുപക്ഷേ രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും മൂന്നാംമുറയും ഒക്കെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ത്രില്ലിങ്ങ് മൊമെന്റസിനെക്കാള്‍ കൂടുതല്‍ ആര്യന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പറയാം….

4 വര്‍ഷം ജയിലില്‍ കിടന്ന ശേഷം എല്ലാം മതിയാക്കി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുന്ന ദേവന്‍ നിമ്മിയെ തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കുന്ന രംഗവും അപ്പോഴത്തെ സംഭാഷണങ്ങളും ഹൃദയസ്പര്‍ശിയാണ്.. “”വരുന്നൊ എന്റെ കൂടെ, എന്റെ ഇല്ലത്തേക്ക്, ദേവനാരായണന്‍ നമ്പൂതിരിയുടെ വേളിയായിട്ട്… പേര് മാറ്റി നിര്‍മ്മല അന്തര്‍ജനം എന്നാക്കട്ടെ…. വരുന്നൊ… വരണം, വരണം””
എത്ര മികവോടെയാണ് മോഹന്‍ലാല്‍ മേല്‍പ്പറഞ്ഞ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്…

വില്ലന്മാരെയെല്ലാം ഇല്ലത്തേക്ക് വരുത്തി അച്ഛന്റെ മുന്നില്‍ തന്റെ നിരപരാധിത്വം ദേവന്‍ തെളിയിക്കുന്ന രംഗം ആര്യനിലെ മറ്റൊരു മികച്ച രംഗമാണ്…..
“”എന്നെ ഇവന്മാര്‍ ഇവിടിട്ട് തല്ലി ചതച്ചപ്പോള്‍ ഇതിനെക്കാള്‍ ഉച്ചത്തില്‍ എന്റെ അച്ഛനും അമ്മയും പെങ്ങന്മാരും നിലവിളിച്ചില്ലേ…പൊട്ടി കരഞ്ഞില്ലേ… കള്ളന്‍ കള്ളന്‍ എന്നെന്നെ കുറിച്ച് ഇവന്മാര്‍ അലറിയപ്പോള്‍ നിങ്ങളുടെ നിലവിളികളാരും കേട്ടില്ല.. നാട്ടുകാരും പോലീസുകാരും കോടതി മുറി വരെ ആ ശബ്ദം കേട്ടില്ല.. എന്റെ അച്ഛന്റെ മനസ്സിന്റെ ആഴങ്ങളില്‍ വരെ അതിന്റെ മാറ്റൊലി ചെന്നെത്തിയില്ലെ… ഇറങ്ങി പോടാ കള്ളാ എന്ന്‍ അച്ഛനെന്നോട് പറഞ്ഞില്ലേ….അന്ന് ചങ്ക് പൊട്ടി ഇറങ്ങി പോയപ്പോള്‍ ഞാനെന്റെ മനസ്സില്‍ കുറിച്ചിട്ടതാണ് എന്റെ അച്ഛന്റെ മുന്നില്‍ മാത്രമെങ്കിലും ഞാന്‍ കള്ളന്‍ അല്ലെന്നു തെളിയിക്കേണ്ട ഈ മുഹൂര്‍ത്തം””
ദേവന്‍ എന്ന കഥാപാത്രത്തിന്റെ സങ്കടവും ദേഷ്യവും ഒക്കെ പ്രകടിപ്പിച്ച് ടി ദാമോദരന്റെ നെടുനീളന്‍ സംഭാഷങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ച് മോഹന്‍ലാല്‍ നിറഞ്ഞാടിയ രംഗം….
ക്ലൈമാക്‌സിലെ സംഘട്ടന രംഗവും, അത് കഴിഞ്ഞ് ദേവന്‍ കോടതി മുറിയില്‍ പൊട്ടിത്തെറിക്കുന്ന രംഗവും വളരെ മികച്ച രീതിയില്‍ തന്നെ പ്രിയദര്‍ശന്‍ അവതരിപ്പിച്ചു…

ആര്യന്‍ സിനിമയ്ക്ക് 1987 ല്‍ റിലീസായ IV ശശി- കമല്‍ഹാസന്‍ ടീമിന്റെ “വ്രതം” എന്ന സിനിമയുടെ കഥയുമായി ഒട്ടേറെ സാദൃശ്യം ഉണ്ട്… വ്രതത്തിന്റെയും ആര്യന്റെയും തിരക്കഥാകൃത്ത് ടി ദാമോദരന്‍ ആണെന്നുള്ളതാണ് കൗതുകകരമായ കാര്യം….
വ്രതത്തിന്റെ കഥ ബോംബെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചതാണ് ആര്യന്‍ എന്ന് വേണമെങ്കില്‍ പറയാം….

മോഹന്‍ലാലിനെ കൂടാതെ തിക്കുറിശ്ശി, ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു, രമ്യാകൃഷ്ണന്‍, ശരത് സക്‌സേന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു…. കൈതപ്രം-രഘുകുമാര്‍ ടീമിന്റെ “”പൊന്‍മുരളി ഊതും കാറ്റില്‍”” എന്ന മനോഹരമായ പാട്ടും ആര്യന്റെ മാറ്റ് കൂട്ടിയവയില്‍ ഒന്നാണ്….
നായകനും നായികയും ആടിപ്പാടാത്ത പാട്ട് രംഗങ്ങള്‍, അത് പ്രിയദര്‍ശന്‍ സിനിമകളില്‍ അപൂര്‍വ്വമാണ്….. അത്തരത്തില്‍ ഒന്നാണ് ആര്യനിലെ പാട്ട് രംഗങ്ങള്‍… ജോണ്‍സണ്‍ മാഷിന്റെ പശ്ചാത്തല സംഗീതവും ത്യാഗരാജന്‍ സംവിധാനം ചെയ്ത സംഘട്ടനങ്ങളും S കുമാറിന്റെ ഛായാഗ്രഹണവും പ്രേക്ഷകര്‍ക്ക് ആവേശം നല്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു….

1988 Aug 27 ന്, റിലീസ് ചെയ്തതിന്റെ രണ്ടാം നാള്‍ കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും മോണിംഗ് ഷോ കണ്ടതാണ് ഞാന്‍, ആര്യന്‍.. കൊടുങ്ങല്ലൂരില്‍ നിന്നും ഇത് വരെ എനിക്ക് റിലീസ് ദിവസം ടിക്കറ്റ് കിട്ടാത്ത ഒരേയൊരു മോഹന്‍ലാല്‍ സിനിമയാണ് ആര്യന്‍…. അത്യപൂര്‍വ്വമായ ജനത്തിരക്കായിരുന്നു ആര്യന് കൊടുങ്ങല്ലൂര്‍ ഉണ്ടായിരുന്നത്….. അന്നത്തെ എട്ടാംക്ലാസ്കാരനായ എനിക്ക് ആര്യന്‍ എന്ന സിനിമ നല്‍കിയ ആവേശം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുന്നതിനെക്കാള്‍ അപ്പുറമാണ്… ആര്യന് ശേഷം ഒരുപാട് ആക്ഷന്‍ ജോണറിലുള്ള സിനിമകള്‍ വന്നുവെങ്കിലും ഇന്നും എന്റെ ഇഷ്ട ആക്ഷന്‍ സിനിമ “”ആര്യന്‍”” തന്നെയാണ്….
1986 മുതല്‍ ഉള്ള ഓണക്കാലത്തെ സിനിമകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വരുന്നതും ആര്യന്‍ തന്നെയാണ്….ഭരതന്റെ വൈശാലി, IV ശശിയുടെ 1921, ജോഷിയുടെ തന്ത്രം എന്നിവയായിരുന്നു ആര്യനൊപ്പം 1988 ലെ ഓണം സീസണില്‍ റിലീസ് ചെയ്ത മറ്റു പ്രധാന സിനിമകള്‍…

Read more

“”പ്രിയദര്‍ശന് ഇങ്ങനേം സിനിമ പിടിക്കാന്‍ അറിയുമൊ”” എന്നായിരുന്നു ആര്യന്‍ കണ്ടതിന് ശേഷം പ്രേക്ഷകര്‍ പരസ്പരം ചോദിച്ചിരുന്നത്… മോഹന്‍ലാല്‍ കൂടി നിര്‍മ്മാണ പങ്കാളിയായ ചിയേഴ്‌സ് എന്ന ബാനറിന്റെ അവസാന സിനിമ കൂടിയായിരുന്നു ആര്യന്‍…. 1988 ലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയ സിനിമകളില്‍ ഒന്നായിരുന്നു ആര്യന്‍….
ആര്യനിലെ മികച്ച പെര്‍ഫോമന്‍സ് കൂടി കണക്കിലെടുത്ത് 1988ലെ സംസ്ഥാന അവാര്‍ഡ് (സ്‌പെഷ്യല്‍ ജൂറി) മോഹന്‍ലാലിന് ലഭിച്ചിരുന്നു…