വെറുക്കാനാവാത്ത വില്ലന്റെ പ്രണയം; വീഡിയോ പങ്കുവെച്ച് നെറ്റ്ഫ്‌ളിക്‌സ്

ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെയെത്തിയ മിന്നല്‍ മുരളിയെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ചിത്രത്തിലെ വില്ലനായ ഷിബുവിന്റെ ജീവിത സംഘര്‍ഷങ്ങളേയും പ്രണയത്തേയും വളരെ ഹൃദയസ്പര്‍ശിയായാണ് സംവിധായകന്‍ ബേസില്‍ ജോസഫ് ആവിഷ്‌കരിച്ചത്.

ഇപ്പോഴിതാ ഷിബുവിന്റെ പ്രണയം ഒറ്റ വീഡിയോയിലാക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ഒരു മിനിട്ട് 43 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.നെറ്റ്ഫ്ളിക്സിന്റെ വീഡിയോ ടൊവിനോ തോമസും പങ്കുവെച്ചിട്ടുണ്ട്. ‘ചില സമയങ്ങളില്‍ പ്രണയവും സൂപ്പര്‍ പവറാകാം, ഒരു വില്ലന് ജന്മം കൊടുക്കാന്‍ സധിക്കുന്ന ഒന്ന്. നിങ്ങള്‍ക്ക് വെറുക്കാന്‍ സാധിക്കാത്ത സൂപ്പര്‍ വില്ലന്‍,’ എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് ടൊവിനോ കുറിച്ചത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നല്‍ മുരളി റിലീസ് ചെയ്തിരുന്നു. നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.