നാട്ടിന്‍പുറം നിഷ്‌കളങ്കതയില്‍ നിന്ന് ഒരു സൂപ്പര്‍ ഹീറോ എങ്ങനെ ഉണ്ടായി; മിന്നല്‍ മുരളി മേക്കിംഗ് വീഡിയോ

ബേസില്‍ ടൊവീനോ ചിത്രം മിന്നല്‍ മുരളിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. ബേസില്‍ ജോസഫും ടൊവിനോ തോമസുമാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ടൊവിനോ, ബേസില്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യു, ഗുരു സോമസുന്ദരം തുടങ്ങിയ അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.

 

ലുങ്കിയും ഷര്‍ട്ടുമിട്ട് നാട്ടിന്‍പുറം നിഷ്‌കളങ്കതയില്‍ ഒരു സൂപ്പര്‍ ഹീറോ ഉണ്ടായാല്‍ എങ്ങനെയുണ്ടാകും അതാണ് മിന്നല്‍ മുരളി എന്ന് ബേസില്‍ പറയുന്നു. ഗുരു സോമസുന്ദരത്തിന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും ബേസില്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

 

ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഡിസംബര്‍ 24ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം ദ ന്യൂയോര്‍ക്ക് ടൈംസിന്റെ നെറ്റ്ഫല്‍ക്സില്‍ സ്ട്രീം ചെയ്യുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളെക്കുറിച്ചുള്ള വാര്‍ത്തയില്‍ മിന്നല്‍ മുരളിയും ഇടം നേടിയിരുന്നു.

 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയര്‍ ബേസ്ഡ് സിനിമയായി തന്നെ ‘മിന്നല്‍ മുരളി’ മാറിക്കഴിഞ്ഞിരിക്കയാണ്.വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം.