ആശയങ്ങള്‍ യോജിക്കുന്നില്ല, ഒന്നും വാങ്ങിയെടുക്കാനല്ല; വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരും, വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് മേതില്‍ ദേവിക

മുകേഷുമായുള്ള വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. മുകേഷുമായുള്ള തന്റെ ദാമ്പത്യബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തങ്ങള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.

രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും- ദേവിക പറയുന്നു.

എറണാകുളത്തെ അഭിഭാഷകന്‍ മുഖേനയാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. ഇന്നു രാവിലെ മുതല്‍ ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുഭാഗത്തു നിന്നും സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്.

2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് മുകേഷും ദേവികയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. ഇരുപത്തിയഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലായിരുന്നു സരിതയും മുകേഷും 2011ല്‍ വേര്‍പിരിഞ്ഞത്.