നാളെ മക്കള്‍സെല്‍വന്റെ മോളിവുഡ് അരങ്ങേറ്റം; ജയറാം ചിത്രം ‘മാര്‍ക്കോണി മത്തായി’ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തന്റെ പ്രതിഭ കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകഹൃദയങ്ങളും കീഴടക്കി വിജയ് സേതുപതി ഇന്ന് മക്കള്‍ സെല്‍വനിലെത്തി നില്‍ക്കുകയാണ്. തമിഴ്- മലയാളം പ്രേക്ഷകര്‍ക്ക് ഒരു പോലെ പ്രിയങ്കരനായ താരത്തിന്റെ മോളിവുഡ് അരങ്ങേറ്റമാണ് നാളെ ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് മക്കള്‍ സെല്‍വന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഇനി മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രമേയുള്ളു ഈ ചിത്രം തീയേറ്ററുകളിലെത്താന്‍.

റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമും മക്കള്‍ സെല്‍വനും മലയാളത്തില്‍ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെയാണ്. ആത്മീയയാണ് ചിത്രത്തിലെ നായിക.സനല്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.