ഇതിലിപ്പോ ആരാ ഹീറോ? പോസ് ചെയ്ത് നിര്‍മ്മാതാവ്, ഫോട്ടോ എടുത്ത് മമ്മൂട്ടി

ഫോട്ടോഗ്രാഫിയോടുള്ള മമ്മൂട്ടിയുടെ താത്പര്യം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ മമ്മൂട്ടിയുടെ ക്യാമറ ക്ലിക്കില്‍ പതിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഹംഗറിയില്‍ ഷൂട്ടിംഗിനെത്തിയ മമ്മൂട്ടി നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ഫോട്ടോ എടുക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ആന്റോ ജോസഫ് ആണ് ഈ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആന്റോ ജോസഫ് മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതാണ് ചിത്രങ്ങളില്‍ കാണാനാവുക. മനോഹരം എന്നാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം കുറിച്ചിരിക്കുന്നത്. ‘ഇതിലിപ്പോ ആരാ ഹീറോ, ഫോട്ടോ എടുക്കുന്ന പയ്യനാരാ’ എന്നൊക്കെയാണ് ചില കമന്റുകള്‍.

പുതിയ തെലുങ്ക് ചിത്രം ഏജന്റിനായാണ് മമ്മൂട്ടി ഹംഗറിയില്‍ എത്തിയത്. ഹംഗറിയിലെ തെരുവിലൂടെ മാസ് ലുക്കില്‍ നടന്നു നീങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും മമ്മൂട്ടിയുടെ ഇന്‍ട്രൊ സീനും ഇവിടെയാണ് ചിത്രീകരിക്കുക.

അഞ്ചു ദിവസമാണ് ഹംഗറിയില്‍ മമ്മൂട്ടിയുടെ ഷൂട്ട്. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അഖില്‍ അക്കിനേനിക്കും മമ്മൂട്ടിക്കും തുല്യപ്രാധാന്യമുള്ള വേഷമാണ്.

സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. റെക്കോഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് വാങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം. സാക്ഷി വിദ്യയാണ് നായിക.