‘ലാല്‍സലാം സഖാവേ, സാമുദായിക രാഷ്ട്രീയത്തിന് എതിരെ പോരാടുന്നതില്‍ കേരളം എന്നും മുന്നില്‍ തന്നെ’; അഭിനന്ദനങ്ങളുമായി മലയാള സിനിമാലോകം

വീണ്ടും അധികാരത്തില്‍ എത്തുന്ന പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി മലയാള സിനിമാലോകവും. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ഇര്‍ഷാദ്, സണ്ണി വെയ്ന്‍, റോഷന്‍ ബഷീര്‍ തുടങ്ങി നിരവധി താരങ്ങള്‍ പിണറായി വിജയന് ആശംസകളുമായി രംഗത്തെത്തി.

”ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികള്‍ക്കും ആശംസകള്‍” എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.

”വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.. ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ആശംസകള്‍!” എന്ന് ടൊവീനോ തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നയിച്ച എല്‍ഡിഎഫിനും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളുടെയും അന്ത്യം ഈ ദിവസം അടയാളപ്പെടുത്തുന്നുവെന്ന പ്രതീക്ഷ ഇവിടെയുണ്ട്.”

”നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൂടെ നമ്മെ എത്തിക്കുന്നതിന് ഭരണകൂടവും അവിടുത്തെ ജനങ്ങളും ഒരുമിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു” എന്ന് പൃഥ്വിരാജ് കുറിച്ചു.

”കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തി ചരിത്രം സൃഷ്ടിച്ചതിന് സഖാവ് പിണറായി വിജയന്‍ സറിനെയും എല്‍ഡിഎഫ് മുന്നണിയെയും അഭിനന്ദിക്കുന്നു. ഇന്ത്യയിലെ സാമുദായിക രാഷ്ട്രീയത്തിനെതിരെ പോരാടുന്നതില്‍ കേരളം എല്ലാവിധത്തിലും മുന്നിലാണ്” എന്ന് സണ്ണി വെയ്ന്‍ കുറിച്ചു.