'ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം'; പുതിയ ചിത്രത്തിന്റെ പേര് പങ്കുവച്ച് ലാല്‍ ജോസ്

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. “മ്യാവൂ” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. ഡോ. ഇക്ബാല്‍ കുറിപ്പുറം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ഡോ. ഇക്ബാല്‍ കുറ്റിപ്പുറം ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ലാല്‍ ജോസിനു വേണ്ടി എഴുതുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും വേഷമിടും.

“”നമ്മുടെ സിനിമക്ക് പേരിട്ടു : “മ്യാവൂ”. പുതുവര്‍ഷത്തില്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പറയട്ടെ..ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം”” എന്നാണ് ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. പൂച്ചയും മൂന്നു കുട്ടികളും ഇവര്‍ക്കൊപ്പം കഥാപാത്രങ്ങളാകുന്നു.

ഡിസംബര്‍ 14ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് റാസല്‍ ഖൈമയില്‍ ആരംഭിച്ചത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം ഒരുക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ “ജാതിക്കാ തോട്ടം” എന്ന പാട്ടെഴുതിയ സുഹൈല്‍ കോയ സിനിമയ്ക്ക് പാട്ടുകളെഴുതുന്നു.