പീഡനവും ദേഹോപദ്രവവും; സിനിമാ നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ വനിതാ ഡോക്ടറുടെ പരാതി

സിനിമാ നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡനത്തിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഒന്നരവര്‍ഷം മുന്‍പ് വനിതാ ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണമുണ്ടായില്ലെന്ന് ആക്ഷേപം.

2019 നവംബറിലാണ് കണ്ണനെതിരെ ഡോക്ടര്‍ ആദ്യ പരാതി നല്‍കുന്നത്. ആശുപത്രിയിലെത്തി ബലമായി കടന്നുപിടിക്കുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ വ്യക്തി ഒന്നരവര്‍ഷത്തിനിടെ സമാന രീതിയില്‍ പലതവണയാണ് ആക്രമിച്ചത്. അന്ന് നടപടിയെടുത്തിരുന്നെങ്കില്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ കഴിഞ്ഞേനെയെന്ന് ഡോക്ടര്‍ പറഞ്ഞു.

രണ്ടാമത് പരാതി നല്‍കിയിട്ടും നവമാധ്യങ്ങളിലൂടെ തനിക്കെതിരെ അപവാദപ്രചാരണം തുടരുകയാണ്. നീതി കിട്ടുമെന്ന വിശ്വാസമാണ് ഇപ്പോഴുമുള്ളത്. കണ്ണന്‍ ഒളിവിലെന്നാണ് പട്ടാമ്പി പൊലീസ് പറയുന്നത്. ഒന്നരവര്‍ഷം മുന്‍പ് പരാതി നല്‍കിയെന്ന കാര്യത്തില്‍ പരിശോധന നടത്തുമെന്ന് പട്ടാമ്പി പൊലീസ് അറിയിച്ചു.

അപവാദ പ്രചരണവും ഭീഷണിയും തുടരുന്നതായി കാണിച്ച് കഴിഞ്ഞയാഴ്ച പാലക്കാട് പട്ടാമ്പി പൊലീസില്‍ നല്‍കിയ രണ്ടാമത്തെ പരാതിയിലും ഇതുവരെ അറസ്റ്റുണ്ടായില്ല.