തമിഴ് സിനിമകളില്‍ ഇനി മഴ കുറയും; ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ണായക തീരുമാനവുമായി സംവിധായകര്‍

കടുത്ത വരള്‍ച്ചയുടെ പിടിയില്‍ നട്ടംതിരിയുകയാണ് തമിഴ്‌നാട്. ചെന്നെ ഉള്‍പ്പടെ തമിഴ്‌നാടിന്റെ പല പ്രദേശങ്ങളിലും കടുത്ത ജലക്ഷാമത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജലസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തയ്യാറെടുക്കുകയാണ് തമിഴ് സിനിമാലോകം. സിനിമയില്‍ മഴ രംഗങ്ങള്‍ കുറയ്ക്കാനാണ് സംവിധായകരുടെ തീരുമാനം.

സിനിമകളിലെ മഴ രംഗങ്ങള്‍ ഒഴിവാക്കുകയോ അല്ലെങ്കില്‍ ഷവര്‍ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് മിതമായ വെള്ളം മാത്രം ഉപയോഗിച്ച് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്യാന്‍ സംവിധായകരുടെ കൂട്ടായ്മ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. മഴ ഒരു സിനിമയില്‍ ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍, ഒരു കെട്ടിടം മുഴുവന്‍ മഴ നനയുന്നത് കാണിക്കുന്നതിനുപകരം, ഒരു ജാലകത്തിലൂടെയുള്ള മഴയുടെ കാഴ്ച സൃഷ്ടിക്കാവുന്നതാണ്. അതിന് ഒരു ബക്കറ്റ് വെള്ളം മാത്രമേ ആവശ്യമുള്ളൂവെന്ന് ബ്ലൂ ഓഷ്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയുടെ ഡയറക്ടര്‍ കൂടിയായ ധനഞ്ജയന്‍ പറഞ്ഞു.

കടുത്ത മഴയില്‍ സൂപ്പര്‍ നായകന്റെ കിടിലന്‍ മാസ്സ് ഇന്‍ട്രോ സീനുകളും അതുപോലെ വമ്പന്‍ സംഘട്ടന രംഗങ്ങളും ആസ്വദിക്കുന്ന തമിഴ് സിനിമ പ്രേമികള്‍ക്ക് വലിയ നിരാശ നല്‍കുന്നതാണ് ഒരു തീരുമാനം എങ്കിലും, ജലമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ സിനിമക്ക് വേണ്ടി ജലം പാഴാക്കുന്നത് ശരിയല്ല എന്ന തമിഴ് സിനിമാ പ്രവര്‍ത്തകരുടെ തീരുമാനം അഭിനന്തനാര്‍ഹമാണ്.