ഇയാളിത് കുളമാക്കും, പഞ്ചസാര പ്രണയമാക്കി നശിപ്പിക്കും; പരിയേറും പെരുമാള്‍ റീമേക്ക്, കരണ്‍ ജോഹറിന് എതിരെ പ്രേക്ഷകര്‍

പരിയേറും പെരുമാള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ കരണ്‍ ജോഹറാണ് ഈ സിനിമ റിമേക്ക് ചെയ്യുന്നതെന്ന റിപ്പോര്‍ട്ട് വന്നതോടെ സിനിമാപ്രേമികളില്‍ പലരും അസ്വസ്ഥരാണ്.

2018ല്‍ മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണ് പരിയേറും പെരുമാള്‍. ജാതി വ്യവസ്ഥയും ദുരഭിമാനക്കൊലയുമാണ് ചിത്രം വരച്ചുകാട്ടിയത്. ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റിയെത്തുമ്പോള്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത് സിദ്ധാന്ത് ചതുര്‍വേദിയാണെന്നാണ് റിപ്പോര്‍ട്ട്.

തമിഴില്‍ കതിര്‍ ആണ് നായകനായെത്തിയത്. അനന്ദി അഭിനയിച്ച ജ്യോതി മഹാലക്ഷ്മി എന്ന കഥാപാത്രമായെത്തുക ബോളിവുഡ് നടി തൃപ്തി ദിമ്രിയാണെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴില്‍ പാ രഞ്ജിത്താണ് പരിയേറും പെരുമാള്‍ നിര്‍മിച്ചത്.

കരണ്‍ ജോഹറും ധര്‍മ പ്രൊഡക്ഷന്‍സും സിനിമയെ പഞ്ചസാരയില്‍ പൊതിയുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിമര്‍ശനം. മുമ്പ് സൈറാത്ത് എന്ന മറാത്തി സിനിമയെ ധഡക് എന്ന പേരില്‍ റീമേക്ക് ചെയ്ത കരണ്‍ ജോഹര്‍ ആ സിനിമയുടെ ഗൗരവം നശിപ്പിച്ച് മറ്റൊരു തരത്തിലാക്കിത്തീര്‍ത്തെന്നാണ് വിമര്‍ശകരുടെ പക്ഷം.
സിനിമയുടെ രാഷ്ട്രീയവും ജാതിവിവേചനത്തിന്റെ ഭീകരതയും കരണ്‍ ജോഹറിനെ മനസ്സിലാകുമോ എന്നാണ് പലരുടെയും ചോദ്യം.