ആരാധകരെ ഞെട്ടിച്ച് കാപ്പാന്‍; പ്രേക്ഷകപ്രതികരണം

കെവി ആനന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കാപ്പാന് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. സൂര്യയുടെ പ്രകടനം അതിശയിപ്പിച്ചുവെന്നും മോഹന്‍ലാല്‍ കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്നും സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം സൂര്യ ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും നിരൂപണങ്ങളുണ്ട്.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വിജയ് നായകനായ ‘ജില്ല’ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അവസാന ചിത്രം.

പ്രധാനമന്ത്രിയുടെ അംഗ രക്ഷകനായി സൂര്യ എത്തുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. സയേഷയുടെ ഭര്‍ത്താവ് ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. യന്തിരന്‍, 2.o, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഹാരിസ് ജയരാജാണ് സംഗീതം.