വനിതാ ദിനം ആഘോഷിക്കാന്‍ പുറപ്പെട്ടു, എത്തിപ്പെട്ടതോ..? 'വിമന്‍സ് ഡേ' എന്ന കന്നഡ പടം പറയുന്നത്..

‘കെജിഎഫി’നും ‘കാന്താര’യ്ക്കും അപ്പുറം മലയാളി പ്രേക്ഷകര്‍ക്ക് അധികം കന്നഡ സിനിമകള്‍ പരിചയം കാണില്ല. എന്നാല്‍ അത്രയധികം ആഘോഷിക്കപ്പെടാതിരുന്ന ഒരു കന്നഡ സിനിമയുണ്ട്. വനിതാ ദിനത്തില്‍ പരിചയപ്പെടാന്‍ പറ്റിയൊരു സിനിമ തന്നെയാണ് ‘വിമന്‍സ് ഡേ’. ‘വിമന്‍സ് ഡേ’ എന്ന പേരില്‍ ഒരു കന്നഡ സിനിമയുണ്ട്. അഞ്ച് സ്ത്രീകളുടെ കഥയാണ് വിമന്‍സ് ഡേ എന്ന സിനിമ പറയുന്നത്.

എങ്കിലും വിമന്‍സ് ഡേയുമായി അത്ര വലിയ കണക്ഷന്‍ ഒന്നും ഈ സിനിമയ്ക്ക് ഇല്ല. എന്നാല്‍ ഇഷ എന്ന സംവിധായിക തിരക്കഥ എഴുതി ഒരുക്കിയ സ്ത്രീ കേന്ദ്രീകൃത സിനിമ തന്നെയാണ് വിമന്‍സ് ഡേ. വനിതാ ദിനം ആഘോഷിക്കാനായി അഞ്ച് കൂട്ടുകാരികള്‍, തങ്ങളുടെ ഭര്‍ത്താക്കന്‍മാരോടും കുടുംബത്തോടും കള്ളം പറഞ്ഞ് ഒരു റിസോര്‍ട്ടിലേക്ക് യാത്ര തിരിക്കുന്നതാണ് സിനിമയുടെ കഥ.

തിരുപ്പതിയിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുന്ന ഇവര്‍ ഒരു പ്രേതബംഗ്ലാവില്‍ എത്തിച്ചേരുന്നതും, ഭൂതകാലം വേട്ടയാടുന്നതും ഒക്കെയാണ് സിനിമ പറയുന്നത്. ഹൊറര്‍ ത്രില്ലര്‍ പോലെ പറഞ്ഞു പോകുന്ന കഥ. സംഭവം ഹൊറര്‍ തന്നെയാണ്, പക്ഷെ ഈയൊരു സിനിമ കണ്ടാല്‍ പേടിക്കാനുള്ളതൊന്നും ഇല്ല. ഒരു സാധാ കന്നഡ സിനിമയുടെ ഗിമ്മിക്കുകള്‍ പലതും ചേര്‍ത്ത സിനിമയാണിത്.

2017ല്‍ പുറത്തിറങ്ങിയ സിനിമ ആണെങ്കിലും സിനിമയുടെ ഫ്രെയ്‌മോ വിഎഫ്എക്‌സോ ഒന്നും അത്ര അഡ്വാന്‍സ്ഡും അല്ല. എങ്കിലും കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമ തന്നെയാണ് വിമന്‍സ് ഡേ. ആര്‍ കെ മോഹന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍ ജി ഗൗഡയാണ് ഈ സിനിമ നിര്‍മ്മിച്ചത്. ആര്‍ ഗംഗാധരിന്റെതാണ് കഥ. കൗശിക് ഹര്‍ഷ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയത്.

കന്നഡ താരം സായ്കുമാര്‍, അക്ഷര, സനിഹ, സ്‌നേഹ, സുഹാന, മോണിക, പ്രശാന്ത് സിദ്ധി, റിപ്പു ധമന്‍ സിങ്, സൂര്യ, അരുണ്‍, പുനീത്, അഭിഷേക് ഗൗഡ, വിജയകുമാര്‍ സാഗര, അപ്പു സാഗര, മധു, ഡോ. കമലാശേഖര്‍ തുടങ്ങിയവരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സിനിമയുടെ കന്നഡ വേര്‍ഷന്‍ അധികം ആളുകള്‍ കണ്ടിട്ടില്ലെങ്കിലും ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ കൂടുതല്‍ വ്യൂസ് നേടിയിട്ടുണ്ട്.

Read more