'മലയാളത്തില്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു, തമിഴിലേക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം'; അന്ന് കമല്‍ പറഞ്ഞത്

അതുല്യ കലകാരന്‍ നെടുമുടി വേണു അരങ്ങൊഴിഞ്ഞു. അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വ ല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രശസ്തരായ പലരും നെടുമുടി വേണുവിന്റെ അഭിനയത്തെ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. നടന്‍ കമല്‍ഹാസന്‍ ഒരിക്കല്‍ നെടുമുടി വേണുവിനോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ”മലയാളത്തില്‍ നിങ്ങള്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം” എന്ന്.

ഒരിക്കല്‍ നെടുമുടി വേണുവിന്റെ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി ‘നെടുമുടി വേണു’ എന്ന് പറഞ്ഞു. ”നെടുമുടി എന്നല്ല കൊടുമുടി വേണു എന്നു വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാള്‍” എന്നായിരുന്നു ശിവാജി ഗണേശന്റെ തിരുത്തല്‍.

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയില്‍ വേണുവിന്റെ നായിക ആയിരുന്ന ശാരദ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു, ”ഈ പടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ, ആ സാഹസത്തിന് മുതിരുന്നില്ല. കാരണം വേണുവിന് പകരംവെയ്ക്കാന്‍ ആ ഭാഷകളില്‍ ആളില്ല” എന്നാണ്.