'കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു'; വിക്രത്തില്‍ കമല്‍ഹാസന്റെ മകനായി കാളിദാസ്?

കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം “വിക്ര”ത്തില്‍ പ്രധാന വേഷത്തില്‍ നടന്‍ കാളിദാസ് ജയറാമും. വിക്രത്തിന്റെ സെറ്റില്‍ കാളിദാസ് ജോയിന്‍ ചെയ്ത വിവരമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കമല്‍ഹാസന്റെ മകനായാണ് കാളിദാസ് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

“”കാളിദാസിനെ ഞങ്ങളുടെ ആക്ഷന്‍ ക്ലബിലേയ്ക്ക് സ്വാഗതം ചെയ്യുന്നു”” എന്നാണ് ലോകേഷ് കനകരാജ് കമല്‍ഹാസനൊപ്പം നില്‍ക്കുന്ന നടന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തില്‍ കമലിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നടന്‍ നരെയ്‌നും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലെത്തും.

ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. പാളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ 232-ാം ചിത്രമാണിത്.

മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ ടീസര്‍ കമലിന്റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ എത്തിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണം.