ദൃശ്യം പോലെയല്ല, ഇതൊരു മാസ് ആക്ഷന്‍ ചിത്രം; മോഹന്‍ലാല്‍ സിനിമയെ കുറിച്ച് ജീത്തു ജോസഫ്

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. . പക്ഷെ ഇത്തവണ എന്തായാലും ദൃശ്യം പോലൊരു ചിത്രമായിരിക്കില്ലെന്നും ഒരുക്കുന്നത് ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. വിവിധ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്നൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജീത്തു ചിത്രത്തെ കുറിച്ച് മനസ് തുറന്നത്.

”തീര്‍ച്ചയായും അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാന്‍. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ളൊരു ആക്ഷന്‍ ത്രില്ലറാകും. പല രാജ്യങ്ങളിലായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുക”, ജീത്തു ജോസഫ് പറഞ്ഞു.

ചിത്രം ജീത്തുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ കൊച്ചിയോടൊപ്പം യു കെ, ഈജിപ്ത് എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ട്. ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഷൂട്ടും ചിത്രത്തിന് കാണുമെന്നാണ് പറയപ്പെടുന്നത്.