പുണ്യം നേടാനല്ലല്ലോ സിനിമ ചെയ്യുന്നത്, മാന്യമായ ന്യായമായ പ്രതിഫലം മാത്രമാണ് ആവശ്യപ്പെടുന്നത്; എം. ജയചന്ദ്രന്‍

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ   ഈ വിഷയത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എം ജയചന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്. ജീവിക്കാന്‍ സിനിമാ സംഗീത സംവിധായകന്‌റെ വരുമാനം മാത്രം മതിയാകില്ലെന്നാണ് വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

മലയാളത്തില്‍ ബാബുരാജ് മുതല്‍ രവീന്ദ്രന്‍ മാസ്റ്ററോ ജോണ്‍സണ്‍ മാസ്റ്ററോ വരെയുളളവരെല്ലാം സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയവരാണ്. ഗായകര്‍ക്ക് പിന്നെയും ഗുണങ്ങളുണ്ട്.

അവര്‍ ചോദിക്കുന്ന പണം കിട്ടുന്നുണ്ട്. പലപ്പോഴും അത് സംഗീത സംവിധായകര്‍ തന്നെ കൈയില്‍ നിന്ന് നല്‍കേണ്ട അവസ്ഥയുമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സംഗീതത്തോടുളള പാഷനാണ് ഈ രംഗത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നത്. പണമുണ്ടാക്കാനുളള മാധ്യമം ആയല്ല സിനിമയെ കാണുന്നത്. ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ സിനിമയില്‍ നിന്നുളള വരുമാനം മാത്രം മതിയാകാതെ വരുന്നത് കൊണ്ടാണ് മറ്റ് പരിപാടികളും റിയാലിറ്റി ഷോകളും ഏല്‍ക്കുന്നത്.

അത് മലയാളത്തിലെ സംഗീത സംവിധായകരുടെ ഗതികേടാണ്. സിനിമ എന്നത് കൊമേഴ്‌സ്യല്‍ മീഡിയം തന്നെയാണ്. പുണ്യം നേടാനല്ലല്ലോ സിനിമ ചെയ്യുന്നത്. പാട്ട് ചെയ്യാന്‍ വിളിക്കുമ്പോള്‍ തന്നെ തരംഗമാവുന്ന പാട്ട് വേണം അല്ലെങ്കില്‍ വ്യത്യസ്തമായ പാട്ട് വേണം എന്നല്ലേ എല്ലാവരും പറയാറുളളത്. അതെങ്ങനെയുണ്ടാകും അതിന് സംഗീത സംവിധായകന്റെ ഭാഗത്തുനിന്ന് വലിയ അദ്ധ്വാനം വേണം

ആ അദ്ധ്വാനത്തിനുളള മാന്യമായ ന്യായമായ പ്രതിഫലം മാത്രമാണ് ആവശ്യപ്പെടുന്നത്. കൂടുതലൊന്നും വേണ്ട. ബിഗ് ബജറ്റ് പടമാണെങ്കില്‍ അഭിനേതാക്കള്‍ക്കും മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പ്രതിഫലം കൂടും പക്ഷേ സംഗീത വിഭാഗത്തിലെ ആര്‍ക്കും കൂടില്ല. അവഗണിക്കപ്പെടുന്ന വിഭാഗമായി നമ്മളിങ്ങനെ വര്‍ഷങ്ങളായി കഴിയുന്നു. എനിക്ക് പരാതിയൊന്നുമില്ല. പക്ഷേ ഇത് മാറണം. പുറത്തു നിന്ന് സംഗീത സംവിധായകരെ കൊണ്ടുവരുമ്പോള്‍ അവര്‍ ചോദിക്കുന്ന പണം നല്‍കാറുണ്ട്

അപ്പോള്‍ അടിസ്ഥാനപരമായി എന്താണ് മാനദണ്ഡം എനിക്കിതുവരെ അതു മനസ്സിലായിട്ടില്ല. ഇത്ര പണം തന്നാലേ വര്‍ക്ക് ചെയ്യൂ എന്ന് ഞാനിതുവരെ പറഞ്ഞിട്ടില്ല. പാട്ടിന് അഡ്വാന്‍സ് വാങ്ങാറുമില്ല. സംവിധായകന് ആദ്യം ട്യൂണ്‍ ഇഷ്ടപ്പെടട്ടെ. എന്നിട്ട് പണം വാങ്ങാം എന്നാണ് പറയാറുളളത്. ഗായകനും ഗാനരചയിതാവിനും അവരുടെ വര്‍ക്ക് തീര്‍ന്നയുടന്‍ പണം നല്‍കും

സംഗീത സംവിധായകനെ ഇതെല്ലാം പാക്കേജ് ആയി അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇതൊക്കെ എങ്ങനെയാണ് ന്യായീകരിക്കേണ്ടത് എന്ന് അറിയില്ല. സിനിമയില്‍ ഒരാളും ആവശ്യഘടകമല്ല. എം ജയചന്ദ്രന്‍ സംഗീതം ചെയ്തില്ലെങ്കില്‍ നഷ്ടം എനിക്ക് മാത്രമാണ്. സിനിമയ്ക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം എന്നുളളതുകൊണ്ട് ഇതെല്ലാം സഹിച്ച് മുന്നോട്ട് പോകുന്നു എന്ന് മാത്രം. എം ജയചന്ദ്രന്‍ പറഞ്ഞു

Read more

കടപ്പാട്: വനിത