ബിഗിലിനു തിരുവനന്തപുരത്തു മാത്രം 73 പ്രദർശനങ്ങൾ; ചിത്രം കേരളത്തിൽ 200 തിയേറ്ററുകളിൽ ; ആകാംക്ഷയോടെ ആരാധകർ

180 കോടി ചെലവിൽ വിജയ് നായകനായ മാഗ്നം ഓപ്പസ് ബിഗിൽ പ്രദർശനത്തിന് തയ്യാറായി. ചിത്രം തിയേറ്ററുകളിൽ എത്താൻ രണ്ടു ദിവസം മാത്രം ബാക്കിയായപ്പോൾ അഡ്വാൻസ് ബുക്കിംഗ് ഏർപ്പെടുത്തിയ ടിക്കറ്റുകൾ ഏതാണ്ട് മുഴുവനായി വിറ്റഴിഞ്ഞു. ബിഗിലിനു തിരുവനന്തപുരത്ത് മാത്രം റിലീസ് ദിനത്തിൽ 73 പ്രദർശനങ്ങൾ ആണുള്ളത്.

ലോകത്താകമാനം ദീപാവലി ദിനമായ ഒക്ടോബർ 25- നാണു ചിത്രം തിയേറ്ററുകളിൽ എത്തുക. വിജയ്‌യുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ഇത്. തമിഴ് നാട്ടിൽ ആദ്യ മൂന്നു ദിവസത്തെ മൊത്തം ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞു. ഓൺലൈൻ ബുക്കിങ്ങിനു പുറമെ തിയേറ്ററുകൾ നേരിട്ട് ഏർപ്പെടുത്തിയ ബുക്കിങ്ങിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിക്ക തിയേറ്ററുകൾക്ക് മുന്നിലും വലിയ ക്യൂ കാണാൻ സാധിക്കും.

കേരളത്തിൽ ബിഗിലിനു 200 പ്രദർശന കേന്ദ്രങ്ങൾ ആണുള്ളത്. ഇവയിൽ ഓൺലൈൻ അഡ്വാൻസ് ബുക്കിങ്ങ് ഏർപ്പെടുത്തിയത് മുഴുവൻ വിറ്റു തീർന്നു. തിരുവനന്തപുരത്തെ പല തിയേറ്ററുകളിലും നേരിട്ടും ബുക്കിങ്ങ് ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.