എന്ത് അടിസ്ഥാനത്തിലാണ് സിനിമ കണ്ടെന്നു പറയുന്നത്? ഐ.എഫ്.എഫ്.കെ: ചലച്ചിത്ര അക്കാദമിക്കെതിരെ ബംഗാളി സംവിധായകന്‍

ഐഎഫ്എഫ്‌കെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബംഗാളി സംവിധായകന്‍ ഇന്ദ്രസിസ് ആചാര്യ രംഗത്ത്. തന്റെ ‘ദി പാര്‍സല്‍’ എന്ന ബംഗാളി ചിത്രം പാനല്‍ അംഗങ്ങള്‍ കാണാതെ തള്ളിക്കളയുകയാണുണ്ടായതെന്ന് ഇന്ദ്രസിസ് ആചാര്യ പറയുന്നു. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലേയ്ക്കായിരുന്നു ഇന്ദ്രസിസ് സിനിമ അയച്ചിരുന്നത്.

‘ദി പാര്‍സലിന്റെ ഓണ്‍ലൈന്‍ വീഡിയോ ലിങ്കാണ് ഞാന്‍ അവര്‍ക്ക് അയച്ചു കൊടുത്തത്. വിമിയോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് സിനിമ അപ് ലോഡ് ചെയ്തിരുന്നത്. ലിസ്റ്റില്‍ എന്റെ ചിത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ വിമിയോ പരിശോധിച്ചു. അപ്പോഴാണ് ചിത്രം പാനല്‍ കണ്ടിട്ടില്ലെന്നു മനസ്സിലായത്.’

വിമിയോയില്‍ അപ് ലോഡ് ചെയ്ത സിനിമകള്‍ കണ്ടിട്ടുണ്ടോ എന്ന് വീഡിയോ അപ് ലോഡ് ചെയ്ത ആള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. അതില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഞാന്‍ ചലച്ചിത്ര അക്കാദമിയെ സമീപിച്ചത്.” ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.

”സെപ്റ്റംബര്‍ 19-ന് എന്റെ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടൂ എന്നാണ് അക്കാദമി ഭാരവാഹികള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഞാന്‍ നല്‍കിയിരുന്നില്ല. അതിനാല്‍ അവര്‍ക്ക് പിന്നെ എന്ത്ടി അടിസ്ഥാനത്തിലാണ് അവര്‍ സിനിമ കണ്ടെന്നു പറയുന്നത്? അവര്‍ ആ സിനിമ കണ്ടിട്ടില്ല.’- ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.

ഡിസംബര്‍ ആറിന് ചലച്ചിത്രമേള തുടങ്ങാനിരിക്കെയാണ് സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.