മേക്കപ്പ് വേണമെന്ന് ഞാന്‍, വേണ്ടെന്ന് മണിരത്നം, അവസാനം തന്നെ രക്ഷിച്ചത് കമലഹാസൻ; ദളപതിക്കഥ പറഞ്ഞ് രജനികാന്ത്

മണിരത്നം ഒരുക്കുന്ന ബ്രമാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനച്ചടങ്ങിന്, നിരവധി താരങ്ങളാണ് എത്തിയത്. ഓഡിയോ പ്രകാശനച്ചടങ്ങിനിടെ, ദളപതി ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ അനുഭവം പങ്കുവെച്ച് രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മൈസൂരിലായിരുന്നു ദളപതിയുടെ ഷൂട്ടിങ്. ബോംബെയിൽ നിന്ന് താൻ മൈസൂരിൽ എത്തുമ്പോൾ രാത്രി 12 മണി കഴിഞ്ഞിരുന്നു. പിറ്റേ ദിവസം രാവിലെ ഷൂട്ടിനെത്തിയപ്പോഴാണ് തനിക്ക് മേക്കപ്പ് വേണ്ടെന്ന കാര്യം അറിയുന്നത്.

മേക്കപ്പ് ഇല്ലാതെ പറ്റില്ലെന്ന് താൻ പറഞ്ഞു. ഫൗണ്ടേഷൻ ഇട്ടോളൂ. മമ്മൂട്ടിയാണ് കൂടെ അഭിനയിക്കുന്നത്. അദ്ദേഹം ആപ്പിൾ പോലെയാണ് ഇരിക്കുന്നത്. മേക്കപ്പ് ഒന്നും ഇടാതെ അവിടെ പോയാൽ പൗർണമിയും അമാവാസിയും പോലെ ഇരിക്കുമെന്നും താൻ പറഞ്ഞപ്പോൾ. ശരി എന്ന് പറഞ്ഞ് അവർ മേക്കപ്പ് ഇട്ട് തന്നു.  ലൂസ് പാന്റ്സും ലൂസ് ഷർട്ടുമായിരുന്നു തൻ്റെ കോസ്റ്യൂം.  ഇത് പറ്റില്ലെന്ന് പറഞ്ഞതോടെ അവർ ഡ്രെസ് ടെെറ്റാക്കി തന്നു. മാറ്റി തയ്ച്ച കോസ്റ്റ്യൂമും വാക്കിങ് ഷൂവും ഒക്കെ ധരിച്ചാണ് താൻ ആദ്യ ദിവസം സെറ്റിലേക്ക് പോയത്.

തന്നെ കണ്ടപ്പോഴെ മണി സർ ശരിക്കുമൊന്ന് നോക്കി. ‘എന്നാ സാർ കോസ്റ്റ്യും ഒക്കെ മാറ്റി വന്നിരിക്കുന്നത്’ എന്നു ചോദിച്ചു. ഇതേ നോട്ടം നോക്കിക്കാണ്ട് അദ്ദേഹം സന്തോഷ് ശിവനും സുഹാസിനിക്കും തോട്ട ധരണിക്കുമൊപ്പം എന്തൊക്കെയോ ചർച്ച ചെയ്യാൻ തുടങ്ങി. ഷോട്ട് എടുക്കാൻ കൂട്ടാക്കാതെ ഇവർ ചർച്ച തുടരുകയാണ്. തനിക്കും ശോഭനയ്ക്കുമാണ് ഷോട്ട്. അവർ തന്നെക്കുറിച്ച് എന്തായിരിക്കും സംസാരിക്കുന്നതെന്ന് താൻ ശോഭനയോട് ചോദിച്ചപ്പോൾ നിങ്ങളെ മാറ്റി ഇനി കമൽഹാസനെ കൊണ്ടുവരാനാണോ ചർച്ച എന്നായിരുന്നു ശോഭനയുടെ മറുപടി.

കുറച്ച് കഴിഞ്ഞപ്പോൾ മണി സർ വന്നു. ഷോട്ട് എടുക്കാമെന്ന് പറഞ്ഞു. പക്ഷേ അവർ തന്റെ കോസ്റ്റ്യൂംസിനെക്കുറിച്ചാണ് ചർച്ച ചെയ്തതെന്ന് തനിക്ക് മനസ്സിലായി. കുളത്തിന്റെ അരികിൽ ശോഭനയോട് സംസാരിക്കുന്നതാണ് അന്ന് എടുത്ത ഷോട്ട്. രണ്ടാമത്തെ ദിവസം താൻ മേക്കപ്പ് ഇട്ടില്ല. തനിക്ക് ആദ്യം തന്ന ആ ലൂസ് പാന്റ്സും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട് ദളപതിയായി സെറ്റിലെത്തി. അങ്ങനെ ആദ്യ ദിനം കഴിഞ്ഞു, രണ്ടാം ദിനം കഴിഞ്ഞു. ഷൂട്ടിങ് അതികഠിനമെന്ന് തോന്നുന്ന ദിവസങ്ങൾ. കാരണം സ്റ്റോക്ക് വിഷ്വൽസ് പോലെ തനിക്കും ഉണ്ടായിരുന്നു ചില സ്റ്റോക്ക് എക്സ്പ്രഷൻസ്.

കരച്ചിലിന് ഒരു എക്സ്പ്രഷൻ, ചിരിക്ക്, പ്രണയത്തിന്, ദേഷ്യത്തിന്, പേടിക്കുന്നതിനൊക്കെ ഓരോ സ്റ്റോക്ക് എക്സ്പ്രഷൻ! ഇതൊക്കെ കൊടുത്താലും അദ്ദേഹത്തിന് തൃപ്തിയില്ല. ഡയലോഗുകളും ഒന്നും ഓക്കെ ആകുന്നില്ല. ഫീൽ, ഫീൽ വരണമെന്നാണ് മണി സർ പറയുന്നത്.താൻ ആലോചിച്ചു, ‘അതെന്ത് ഫീല്‍’. തനിക്ക് ആലോചിച്ചിട്ട് ഒരുപിടിയുമില്ല. ഇങ്ങനെ പോയാൽ തന്റെ കാര്യം കഷ്ടമാകുമെന്ന് ഉറപ്പിച്ചു. അങ്ങനെതാഞാൻ കമലിനെ ഫോൺ വിളിച്ചു. ‘കമൽ, ഇവിടെ ഭയങ്കര കഷ്ടപ്പാടാണ്. ഒരു ഷോട്ടിന് പത്തും പന്ത്രണ്ടും ടേക്കുണ്ട്.  ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചതും കേട്ടതും കമലിന് ചിരിയാണ് വന്നത്.

‘തനിക്ക് ഇത് അറിയാമായിരുന്നു, താനും ഇതുപോലെ തന്നെ കഷ്ടപ്പെട്ടു. ഒരു ഐഡിയ പറഞ്ഞു തരാം. സീൻ പറയാൻ വരുമ്പോൾ, അതൊന്ന് അഭിനയിച്ച് കാണിച്ച് തരാമോ എന്ന് മണിയോട് ചോദിക്കുക. അദ്ദേഹം അഭിനയിച്ച് കാണിക്കും. അത് നമ്മൾ ഉള്ളിലേക്ക് ആവാഹിച്ചുവെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അങ്ങോട്ട് ഇങ്ങോട്ടും കുറച്ചു നടക്കുക. എന്നിട്ട് എവിടെയേലും മാറിയിരുന്ന് പോയി കുറച്ച് നേരം എന്തോ ചിന്തിക്കുന്നതുപോലെ ഇരുന്നിട്ട്, സാർ ഞാൻ റെഡി എന്നു പറയുക.’ ഇതായിരുന്നു കമലിന്റെ ഉപദേശം.

അങ്ങനെ മണി സാറിനോട് അഭിനയിച്ച് കാണിക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം അത് വിവരിച്ചു തന്ന ശേഷം സിഗററ്റൊക്കെ വലിച്ച് സീരിയസായി രണ്ട് റൗണ്ട് നടന്ന് ഓക്കെ സർ എന്നു പറഞ്ഞു. അതോടെ ഷോട്ടും ഓക്കെയായെന്നും. കമലിന് നന്ദിയെന്നും രജനികാന്ത്  പറയുന്നു.