‘എമ്പുരാന്‍’ സിനിമയിലെ 36 കഥാപാത്രങ്ങളെയും അടുത്ത 18 ദിവസത്തിനുള്ളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ അടുത്ത ദിവസം മുതല്‍ അവതരിപ്പിക്കും എന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ അതിന് മുമ്പെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടെത്തിയ പോസ്റ്ററില്‍, നായകന് പകരം മറ്റേതോ ഒരു നടന്റെ ബാക്ക് ഷോട്ട് ആയിരുന്നു ഉണ്ടായത്. ഈ നടന്‍ ആരാണ് എന്ന ചര്‍ച്ചകള്‍ക്ക് ഇതുവരെ ശരിയായ ഉത്തരം ലഭിച്ചിട്ടില്ല. ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
റിക്കിന്റെ വിക്കിപീഡിയ പേജില്‍ കാണുന്ന സിനിമകളുടെ ലിസ്റ്റില്‍ എമ്പുരാന്റെ പേരും ചേര്‍ത്തിരിക്കുന്നതായി കാണാം. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. തീ തുപ്പുന്ന ചുവന്ന ഡ്രാഗണ്‍ ചിത്രം പതിപ്പിച്ച വസ്ത്രം ധരിച്ച് നില്‍ക്കുന്ന കഥാപാത്രത്തെ റിക്കായിരിക്കും അവതരിപ്പിക്കുക എന്ന തരത്തിലാണ് തിയറിയാണ് പ്രചരിക്കുന്നത്.
Rick Yune ?! pic.twitter.com/0kxP4tT0Qt
— Karthik (@Karthik79956315) February 8, 2025
ലോകപ്രശ്സതമായ ക്രിമിനല്‍ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്രാം ഖുറേഷിയുടെ എതിരാളിയായി എത്തുകയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്. തീ തുപ്പുന്ന ചുവന്ന ഡ്രാഗണ്‍ യാക്കൂസ ഗ്യാങിന്റെ ഉയര്‍ന്ന തലത്തിലുള്ളവര്‍ ധരിക്കുന്ന ചിഹ്നമാണ്. ഈ ഗ്യാങ്ങിന്റെ തലവനായാകും റിക്ക് എത്തുക എന്നും തിയറികളുണ്ട്. കൊറിയന്‍ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂണ്‍.
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, ഡൈ അനദര്‍ ഡേ, നിന്‍ജ അസാസിന്‍, ഒളിമ്പസ് ഹാസ് ഫോളന്‍ തുടങ്ങിയ സിനിമകളില്‍ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ജിയങ്കാലോ എസ്പാസീറ്റോ ആകും എമ്പുരാനില്‍ വേഷമിടുക എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബേസില്‍ ജോസഫ്, ഫഹദ് ഫാസില്‍ എന്നീ താരങ്ങളുടെ പേരും ഈ കഥാപാത്രത്തിന്റെതായി ഉയര്‍ന്നിട്ടുണ്ട്.