ഷാരൂഖിനോടോ സല്‍മാനോടോ മത്സരത്തിനില്ല, മമ്മൂട്ടിയുടെ പോരാട്ടം ലോക സിനിമയിലെ മഹാനടന്മാരോട്: ഹരിഹരന്‍

മമ്മൂട്ടി – പത്മകുമാര്‍ ചിത്രം മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. നിരവധി പ്രത്യേകതകളോട് കൂടിയെത്തുന്ന ഈ സിനിമയുടെ ഓഡിയോ ലോഞ്ചിന് സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടി മത്സരിക്കുന്നത് ഷാരുഖിനോടോ സല്‍മാനോടോ ഒന്നും അല്ല ലോകസിനിമയിലെ മഹാനടന്മാരോടാണെന്നായിരുന്നു സംവിധായകന്‍ ഹരിഹരന്റെ വാക്കുകള്‍.

വടക്കന്‍ വീരഗാഥയില്‍ സംവിധാനം പഠിക്കാന്‍ വന്നൊരു ചെറുക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ്, ഏറെ അഭിമാനം സന്തോഷമെന്നും ഹരിഹരന്‍ പറഞ്ഞു. മാമാങ്കം മലയാള സിനിമയെ ഒരുപടികൂടി മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജസ്റ്റിസ് സിറിയക് ജോസഫിനും സംവിധായകന്‍ ഹരിഹരനും സിഡി മാതൃക കൈമാറിക്കൊണ്ട് ചിത്രത്തിലെ നായകനായ മമ്മൂട്ടിയാണ് ഓഡിയോ പ്രകാശനം നിര്‍വ്വഹിച്ചത്. നടന്‍ ടൊവീനോയും നടി സംയുക്ത മേനോനും ചേര്‍ന്ന് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടത്.

ചടങ്ങില്‍ എറണാകുളം എം.പി ഹൈബി ഈഡന്‍, സംവിധായകന്‍ ലാല്‍ ജോസ്, മുന്‍ എം.പി പി.രാജീവ്, നടിമാരായ പ്രാചി തെഹ്ലാന്‍, അനു സിത്താര നടന്മാരായ ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, ബൈജു എഴുപുന്ന, അച്യുതന്‍, സുദേവ് നായര്‍, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍, സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, സോഹന്‍ റോയ്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചിത്രം അടുത്തമാസം 21 ന് റിലീസ് ചെയ്യും.