ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്ത് ചാടിക്കാന്‍ ഫിയോക്ക്; നിര്‍ണായക നീക്കം ഇങ്ങനെ

നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തുചാടിക്കാന്‍ ഫിയോക്കിന്റെ നിര്‍ണായക നീക്കം. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും ആ സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. 31ന് ജനറല്‍ ബോഡി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

2017ല്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക്് ദിലീപിന്റെ കാര്‍മികത്വത്തില്‍ രൂപം കൊണ്ടത്. ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിര്‍ത്തിയായിരുന്നു ഭരണഘടനയ്ക്ക് രൂപം നല്‍കിയതും.ഈ രണ്ട് സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്.

മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്.